കൊടുങ്ങല്ലൂര്‍: മുനമ്പത്ത് നിന്ന് ന്യൂസിലന്റിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലെ രണ്ട്പേരെ കേരള പൊലീസ് ഡല്‍ഹിയില്‍ കണ്ടെത്തി. ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന ഡല്‍ഹി സ്വദേശികളായ ദീപക്, പ്രഭു എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നും കണ്ടെത്തിയത്.
ഡല്‍ഹിയിലെ മന്ദഗിരി കോളനിയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ പൊലീസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലുള്ള ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്. തിരക്കില്‍ പെട്ടതുകൊണ്ടാണ് ഇവര്‍ക്ക് മുനമ്പത്ത് നിന്ന് ബോട്ടില്‍ കയറാനാകാതെ മടങ്ങേണ്ടി വന്നത്. ഇരുവരുടേയും ഭാര്യമാരും കുട്ടികളും ന്യൂസിലാന്റിലേക്കുള്ള ബോട്ടില്‍ കയറിപ്പോയിട്ടുണ്ട്. ഇതില്‍ പ്രഭുവിന്റെ കുട്ടിക്ക് നാല് മാസം മാത്രമാണ് പ്രായം. ദീപകും പ്രഭുവും ചെന്നൈ വഴിയാണ് ഡല്‍ഹിയിലേക്ക് തിരിച്ച് പോയത്. ഇന്നലെ രാവിലെ ഡല്‍ഹിയിലെ താമസസ്ഥലത്ത് എത്തുകയും ചെയ്തു. ഇരുപതോളം പേര് ഇത്തരത്തില്‍ ബോട്ടില്‍ കയറാതെ മടങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

