കേരളത്തില്‍ പരക്കെ കനത്ത മഴ തുടരുന്നു. കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് അടക്കമാണ് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ മഴ കനത്തു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. റെഡ് അലേര്‍ട്ട് മുന്നറിയിപ്പുള്ള കാസര്‍ഗോഡ് ഇപ്പോഴും മഴ തുടരുകയാണ്. എന്നാല്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയ്ക്ക് കുറവ് വന്നിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യമുണ്ടായാല്‍ പുഴയുടെ തീരങ്ങളിലുള്ള കുടുംബങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്കി.
വിവിധ ഇടങ്ങളില്‍ മഴ കനത്തതോടെ അണക്കെട്ടുകളില ജലനിരപ്പ് ഉയര്‍ന്നു. നെയ്യാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും അരുവിക്കര അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തി. കേരള ഷോളയാറും പെരിങ്ങല്‍ക്കുത്തും തുറന്നു. മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ രാവിലെ ഒന്‍പത് മണിക്ക് തുറക്കും. വയനാട് ബാണാസുര സാഗറും തുറക്കും.
ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 80 ശതമാനത്തോളം വെള്ളം നിറഞ്ഞു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 125 അടിയായി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ്. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നു. കല്ലാര്‍കുട്ടി, പാബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. മലയോര മേഖലയില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്കി.
കോഴിക്കോട് ജില്ലയിലും കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ മുതല്‍ പെയ്ത മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. തൊട്ടില്‍പ്പാലത്ത് പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. ജില്ലയിലെ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി. കോട്ടയത്ത് രാത്രി ശക്തമായ മഴ പെയ്തു. തിരുവാതുക്കലില്‍ മരം വീണ് വൈദ്യുത ലൈന്‍ പൊട്ടി വീണു. ചാന്നാനിക്കാട് വീടിന് മുകളിലൂടെ മരം വീണിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലയില്‍ മഴ തുടരുന്നു.
അതേസമയം കിഴക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം നല്കി. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. മൂന്ന് മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം.


