തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസില്‍ ഒരു മുൻ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാര്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.
ഈ കേസിൽ പ്രതിചേർക്കപ്പെട്ട പലരും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഈ കൂട്ടത്തിലാണ് ശ്രീകുമാറും കോടതിയെ സമീപിച്ചത്. ദേവസ്വം ബോർഡിന്റെ നിർദേശ പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഉദ്യോഗസ്ഥ തലത്തിൽ വേറൊരു ഇടപെടലും നടത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളത്.


