നിർണായകമായ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന്. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, വി എൻ വാസവൻ, സജി ചെറിയാൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ പത്മകുമാറിനെതിരെ കമ്മിറ്റിയിൽ നടപടിയെടുക്കും.
പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കാൻ സിപിഐഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. നടപടിയെടുത്ത ശേഷം അക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ശബരിമല യുവതി പ്രവേശനവും ശബരിമല സ്വർണ്ണക്കൊള്ളയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആത്മകഥയിലൂടെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന പത്മകുമാറിന്റെ നിലപാടും യോഗത്തിൽ ചർച്ചയാകും. സമ്മർദ്ദ തന്ത്രത്തിലൂടെ നടപടി ഒഴിവാക്കാനുള്ള ശ്രമമാണ് പത്മകുമാറിന്റേത് എന്നാണ് സിപിഐഎമ്മിനുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. പത്മകുമാറിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് അഭിപ്രായവും പ്രവർത്തകർക്കിടയിൽ ഉണ്ട്.
അതേസമയം, ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിൽ മന്ത്രി ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി എ പത്മകുമാർ രംഗത്തെത്തിയിരുന്നു. താൻ നിർദ്ദേശിക്കുന്നയാളെ നിയമിക്കണമെന്ന് പറഞ്ഞ് ഒരു മന്ത്രി കത്ത് നൽകിയിരുന്നെന്ന് പത്മകുമാർ സുഹൃത്തുക്കളോട് പറഞ്ഞു.യുവതീപ്രവേശത്തിൽ ഉൾപ്പെടെ കൂടുതൽ വെളിപ്പെടുത്തലുകളും എ പത്മകുമാർ നടത്തി.


