കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം വന്‍ തീപ്പിടിത്തം. സമീപത്തെ ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ റെയില്‍വേ ട്രാക്കിന് സമീപത്തേക്കും പടരുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും രണ്ട് മണിക്കൂറിന് ശേഷം പുനഃസ്ഥാപിച്ചു. ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതമായിരുന്നു താത്ക്കാലികമായി നിര്‍ത്തിവെച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു തീപ്പിടിത്തം. അഗ്നിബാധയെത്തുടര്‍ന്ന്, ഗോഡൗണിലുണ്ടായിരുന്ന 12 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു. ഗോഡൗണില്‍ അഗ്നിരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. വിവിധ ഫയര്‍ഫോഴ്സ് ഫോഴ്സ് യൂണിറ്റുകളും പോലീസുമെത്തി നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപ പ്രദേശങ്ങളിലുള്ള ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാനായത് മൂലം വന്‍ ദുരന്തമൊഴിവാക്കാനായി.
വലിയ രീതിയില്‍ തീപിടിക്കുന്ന നിരവധി വസ്തുക്കൾ ആക്രി ഗോഡൗണിലുണ്ടായിരുന്നു. മാത്രമല്ല, സമീപത്തെല്ലാം ജനവാസ മേഖലയുമായിരുന്നു. വനിതാ ഹോസ്റ്റല്‍, അപ്പാര്‍ട്മെന്റുകള്‍, വീടുകള്‍ എന്നിവയെല്ലാം സമീപത്തു തന്നെയായിരുന്നു.
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 യൂണിറ്റ് ഫയര്‍ഫോഴ്സാണ് സംഭവം സ്ഥലത്തെത്തിയത്. സമീപത്തെ വൈദ്യുത ലൈനിലേക്കും തീപ്പടര്ന്നിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഇതിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.