തൃശൂര്‍ : തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ക്ക്
ദാരുണാന്ത്യം. പരിക്കേറ്റവരുടെ എണ്ണം വ്യക്തമല്ല. 23 പേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.അടിയന്തര സേവനങ്ങള്‍ക്കായി കണ്ട്രോള് റൂം തുറന്നിട്ടുണ്ട്-നമ്പര്‍: 8075011853. തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ്
വൈകിട്ട് മൂന്നരയോടെയാണ് സ്ഫോടനം നടന്നത്.
ഭൂമി കുലുങ്ങുന്നതിന് തുല്യമായ ഉഗ്രശബ്ദത്തോടെ രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അഞ്ച് കൂടാരങ്ങളിലായാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. ഈ മാസം 24ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിർമിച്ചിരുന്നത്. രക്ഷാപ്രവർത്തനത്തിനായി പോലീസും ഫയർഫോഴ്സും ആംബുലൻസുകളും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും തീ പൂർണ്ണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല.

🔸ചികിത്സ ഉറപ്പാക്കി
സ്ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാനും കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്കി. തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ക്രമീകരണമൊരുക്കാനും സമീപത്തെ മറ്റ് ആശുപത്രികളും സജ്ജമായിരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി.


