ഒമിക്രോണ്‍ ഭീതി കേരളത്തെയും ബാധിച്ചു തുടങ്ങിയ സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് എത്രമാത്രം ഫലപ്രദമാകും, ഇത് എങ്ങനെ നല്‍കണം, എന്ത് മാര്‍ഗത്തിലൂടെ ഒമിക്രോണ്‍ വകഭേദം കണ്ടെത്താനാകും എന്നീ കാര്യങ്ങളിലാണ് ഇപ്പോള്‍ പൊതുവെ ആശങ്ക നിലനില്‍ക്കുന്നത്.
പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്സിനേഷനു ശേഷം തുടര്‍ന്നും നല്കുന്ന വാക്സിനാണ് ബൂസ്റ്റര്‍ ഡോസ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അഡീഷണന്‍ ഡോസും ബൂസ്റ്റര്‍ ഡോസും രണ്ടര്‍ത്ഥത്തിലാണ് പറയുന്നതെങ്കിലും ഇപ്പോള്‍ രണ്ടും പ്രയോഗത്തിലുണ്ട്. ഒമിക്രോണ്‍ വേരിയന്റിനെതിരെ കോവിഷീല്‍ഡ് സുരക്ഷ നല്കുമെന്നുള്ള പഠനങ്ങള്‍ പുറത്തു വന്നിരുന്നു. ഇത് വൈറസിനെ മുഴുവനായി പ്രതിരോധിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.
ഇന്ത്യയില്‍ ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെ എടുത്ത വാക്സിന് തന്നെ സ്വീകരിക്കണം എന്ന് നിര്‍ബന്ധമില്ലെന്നും വാക്സിന് മിക്സും ഗുണകരമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. പക്ഷെ സാധാരണ വാക്സിന് വീണ്ടും നല്കുന്നതിനേക്കാള് ഗുണകരം മോഡിഫൈഡ് വാക്സിനാണ് എന്ന് വിദഗ്ധര്‍ പറയുന്നു.
വാക്സിന് എടുക്കുമ്പോള്‍ ശരീരത്തില്‍ മെമ്മറി സെല്‍സ് ഉണ്ടാകുന്നു. പിന്നീട് രണ്ടാം ഡോസ് എടുക്കുമ്പോള്‍ ശരീര കോശങ്ങളെ ഒന്നുകൂടി ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഉത്തേജനങ്ങള്‍ ശരീരത്തിന്റെ പ്രതിരോധം കൂട്ടാനും രാജ്യത്ത് ഡെല്‍റ്റ വൈറസിനെ പ്രതിരോധിക്കാനും സഹായിച്ചിട്ടുണ്ട്.
ബൂസ്റ്റര്‍ ഡോസെന്ന മൂന്നാം ഡോസില്‍ അതേ വാക്സിന് തന്നെ നല്കുമ്പോള് മെമ്മറി സെല്‍സ് ഉത്തേജനം നടക്കുമെങ്കിലും അതിന് ഓര്‍മ്മ പുതുക്കല്‍ എഫക്ടാണ് നല്കാന് കഴിയുക. എന്നാല്‍ മോഡിഫൈഡ് രൂപങ്ങള്‍ നല്കുമ്പോള് അത് കൂടുതല്‍ ശരീരത്തെ ഉത്തേജിപ്പിക്കുന്നു. കൂടാതെ മെമ്മറി സെല്‍സില്‍ പുതിയ മാറ്റങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ചേര്‍ക്കുന്നു. ഇത് മികച്ച പ്രതിരോധമാണ് നല്‍കുക.
അതേസമയം സാധാരണ ആര്‍ടി പിസിആര്‍ പരിശോധനയില്‍ കോവിഡ് വൈറസിനെ കണ്ടെത്താനാകുമെങ്കിലും ഇത് ഒമിക്രോണ്‍ ആണോ എന്ന് തിരിച്ചറിയാനാകില്ല. അതിനാണ് ജനിതക സീക്വന്‍സിങ് പരിശോധനയുള്ളത്. പക്ഷെ ഇതിന് കാലതാമസം നേരിടുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്.
10 ദിവസത്തോളം ടെസ്റ്റ് ഫലം ലഭിക്കാന്‍ കാത്തിരിക്കണം എന്നതാണ് പ്രധാന പ്രശ്നം. ഈ കലയളവില്‍ രോഗം പടരാനുള്ള സാധ്യത എത്രമാത്രമെന്നും മറ്റുമുള്ള പഠനങ്ങള്‍ നടന്നു വരികയാണ്.


