കാഠ്മണ്ഡു: നേപ്പാളില്‍ ടിബറ്റന്‍ അതിര്‍ത്തിക്കടുത്തുള്ള റസുവ ജില്ലയില്‍ ഉണ്ടായ കടുപ്പമേറിയ മിന്നല്‍പ്രളയത്തില്‍ വന്‍ നാശനഷ്ടം. ബുധനാഴ്ച രാവിലെ ഒന്‍പതോടെ ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുകയും കുതിച്ചെത്തിയ വെള്ളം തീരപ്രദേശങ്ങളെ മുക്കുകയുമായിരുന്നു. തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിര്‍ത്തി ഗ്രാമങ്ങളെയാണ് ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത്. പ്രളയത്തില്‍ എട്ടുപേര്‍ മരിക്കുകയും നാല്പതോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഗ്രാമങ്ങളും പാലങ്ങളും റോഡുകളും തകര്‍ത്തെറിഞ്ഞ് വെള്ളം കുതിച്ചൊഴുകുന്ന ഭയാനകമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ നേപ്പാള്‍ സൈന്യം 12 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. റസുവയിലെ കസ്റ്റംസ് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരുന്ന നിരവധി വാഹനങ്ങളും ചരക്കുകളും കുത്തൊഴുക്കില്‍ ഒലിച്ചുപോയതായി ചീഫ് കസ്റ്റംസ് ഓഫീസര്‍ രാജേന്ദ്ര ദുങ്കാന അറിയിച്ചു. പ്രദേശത്തെ ഗതാഗത-വൈദ്യുതി സംവിധാനങ്ങള്‍ പൂര്‍ണമായി തകരാറിലായിട്ടുണ്ട്. കാഠ്മണ്ഡുവില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള റസുവ കൂടാതെ നുവാകോട്ട്, ധാഡിങ്, ചിത്വാന്‍, ഗോര്‍ഖ എന്നീ ജില്ലകളിലെ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

