ഡൽഹി: കനത്ത മഴയിൽ പുതിയ പാർലമെൻറ് മന്ദിരത്തിൽ വെള്ളക്കെട്ട്. വെള്ളക്കെട്ട് വീഡിയോ പുറത്ത് വിട്ട് കോൺഗ്രസ്. കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേത് ആണ് വീഡിയോ എക്സിലൂടെ പങ്കുവച്ചത്. പുതിയ പാർലമെന്റ് പണിയാൻ 1,200 കോടിയാണ് ചെലവഴിച്ചത്. മഴക്കാലത്ത് അവസ്ഥ പരിതാപകരം എന്നും സുപ്രിയ ശ്രീനേത് കുറിപ്പിൽ പറയുന്നു.
ചൊവ്വാഴ്ച രാജ്യ തലസ്ഥാനത്ത് ഉണ്ടായ കനത്ത മഴയിൽ പാർലമെന്റ് മന്ദിരത്തിനുള്ളിൽ വെള്ളം ഒലിച്ചിറങ്ങുന്നതും പുറത്ത് വെള്ളം കെട്ടിനിൽക്കുന്നതും കാണിക്കുന്ന വീഡിയോകൾ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് എംപി രേണുക ചൗധരിയും കേന്ദ്രസർക്കാരിനെ വിമർശിച്ചു. “പുതിയ പാർലമെന്റിന് വോട്ടല്ല, ബോട്ടുകളാണ് വേണ്ടത്”: പാർലമെന്റിന് പുറത്തുള്ള വെള്ളക്കെട്ടിനെതിരെ കോൺഗ്രസിന്റെ രേണുക ചൗധരി പരിഹസിച്ചു.
ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. എയിംസ് ഫ്ലൈഓവർ ലൂപ്പിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടായി. തിങ്കളാഴ്ചയുണ്ടായ കനത്ത മഴയെത്തുടർന്ന് എയിംസ്, ഭിക്കാജി കാമ പ്ലേസ്, ബാബ ഖരക് സിംഗ് മാർഗ്, ആർകെ പുരം സെക്ടർ 1, ശാന്തി പാത്ത് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

