മെല്‍ബണ്‍: മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ മത്സരത്തില്‍ സൗന്ദര്യറാണി പട്ടം ചൂടി മലയാളിയായ മരിയ തട്ടില്‍. ഈയാഴ്ച നടന്ന മത്സരത്തില്‍ 27 ഫൈനലിസ്റ്റുകളില്‍ നിന്നാണ് മരിയ തട്ടില്‍ ഓസ്ട്രേലിയന്‍ സൗന്ദര്യറാണി പട്ടം ചൂടിയത്. വിശ്വസൗന്ദര്യ മത്സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയാണ് മിസ് യൂണിവേഴ്സ് ഓസ്ട്രേലിയയെ തെരഞ്ഞെടുക്കുന്നത്.
മലയാളി- ബംഗാളി ദമ്പതികളുടെ മൂത്ത മകളാണ് 27 കാരിയായ മരിയ തട്ടില്‍. മെല്‍ബണ്‍ സ്വദേശികളാണ് മരിയ തട്ടിലും കുടുംബവും. 1990കളില്‍ കേരളത്തില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതാണ് മരിയയുടെ അച്ഛന് ടോണി തട്ടില്‍. അച്ഛന്റെ കുടുംബാംഗങ്ങള്‍ ഭൂരിഭാഗവും ഇപ്പോഴും കേരളത്തില്‍ തന്നെയുണ്ടെന്ന് മരിയ പറഞ്ഞു. കുട്ടിക്കാലത്ത് കേരളത്തിലേക്ക് പല തവണ യാത്ര ചെയ്തിട്ടുണ്ടെന്നും മരിയ പറഞ്ഞു.
കൊല്‍ക്കത്തയില്‍ നിന്നാണ് മരിയയുടെ അമ്മയുടെ കുടുംബം കുടിയേറിയത്. മെല്‍ബണില്‍ ജനിച്ചുവളര്‍ന്ന മരിയ, മോഡലും, മേക്ക് അപ് ആര്‍ട്ടിസ്റ്റും, ഫാഷന്‍ സ്റ്റൈലിസ്റ്റുമാണ്. മനശാസ്ത്രത്തില്‍ ബിരുദവും, മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവുമുള്ള മരിയ, ഹ്യൂമന്‍ റിസോഴ്സസ് മേഖലയിലാണ് ജോലി ചെയ്യുന്നത്.
മെല്‍ബണിലാണ് ജനിച്ചതെങ്കിലും, പൂര്‍ണമായും ഇന്ത്യന്‍ അന്തരീക്ഷത്തിലാണ് വളര്‍ന്നതെന്ന് മരിയ തട്ടില്‍ പറഞ്ഞു. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ വംശജ ഓസ്ട്രേലിയന്‍ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയില്‍ നിന്ന് കുടിയേറിയ പ്രിയ സെറാവോ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ.