പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടുന്നത് എന്തിനെന്ന് ഹൈക്കോടതി. ലക്ഷ കണക്കിനാളുകള്‍ പുറത്ത് നില്‍ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ലിസ്റ്റ് നീട്ടരുതെന്ന് പി.എസ്.സി. കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു റാങ്ക് പട്ടികയുടെ കാലാവധി മാത്രം നീട്ടാനാകില്ലെന്നാണ് പി.എസ്.സി കോടതിയില്‍ പറഞ്ഞത്. പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പി.എസ്.സി. കോടതിയെ അറിയിച്ചു.
ഓഗസ്റ്റ് നാലിന് കാലാവധി അവസാനിക്കാനിരുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിനെതിരെ പബ്ലിക് സര്‍വീസ് കമ്മിഷന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് പി.എസ്.സി. കോടതിയെ സമീപിച്ചത്.
കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുമെന്നാണ് പി.എസ്.സി. ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകളെല്ലാം നികത്തിയിട്ടുണ്ടെന്നും പുതിയ ഒഴിവുകള്‍ പുതിയ ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കണമെന്നും പി.എസ്.സി. കോടതിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഉദ്യോഗാര്‍ഥിയുടെ അപേക്ഷയില്‍ കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രഡ് പട്ടികയുടെ കാലാവധി സെപ്റ്റംബര്‍ 29 വരെ നീട്ടാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഇതിനെതിരെയായിരുന്നു പി.എസ്.സി.യുടെ അപ്പീല്‍ ഹര്‍ജി.


