കോഴിക്കോട്: കോഴിക്കോട് വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി നൗഷാദിനെയും തച്ചൻപൊയിൽ സ്വദേശി ഗിരിജയെയുമാണ് താമരശ്ശേരി പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 28-ന് താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സൂര്യ ഫൈനാൻസ് സ്ഥാപനത്തിൽ ഗിരിജ സ്വർണവളകൾ പണയം വെക്കാൻ എത്തിയിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ സ്വർണം പരിശോധിച്ചപ്പോഴാണ് അത് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതോടെ യുവതി വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.
അന്വേഷണത്തിൽ, ഗിരിജ പണയം വെക്കാൻ കൊണ്ടുവന്ന സ്വർണം നൗഷാദാണ് നൽകിയതെന്ന് വ്യക്തമായി. മലബാർ ഗോൾഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വളകളിൽ മലബാർ ഗോൾഡിന്റെ വ്യാജ ലോഗോയും BIS ഹാൾമാർക്ക് മുദ്രയും ഉപയോഗിച്ചതായും, തലേദിവസം കോഴിക്കോട് വിൽപ്പന നടത്തിയ യഥാർഥ ആഭരണത്തിന്റെ അതേ സീരിയൽ നമ്പർ തന്നെയാണ് വ്യാജ വളകളിലും രേഖപ്പെടുത്തിയിരുന്നതെന്നും കണ്ടെത്തി.


