പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന് (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. 1959 ല്‍ സ്ഥാപിച്ച ശിവന് സ്റ്റുഡിയോയുടെ ഉടമയാണ്.
‘ചെമ്മീന്‍’ സിനിമയുടെ നിശ്ചല ചിത്രങ്ങളിലൂടെ ചലച്ചിത്ര മേഖലയിലെത്തി. സ്വപ്നം, അഭയം, യാഗം, കൊച്ചുകൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര തുടങ്ങിവയാണ് പ്രധാന ചിത്രങ്ങള്‍. മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിന്റെ സംവിധായകനായിരുന്നു ശിവന്. ഒരു യാത്ര, സ്വപ്നം, യാഗം, കേശു എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരായ സംഗീത് ശിവന്, സന്തോഷ് ശിവന്, സഞ്ജീവ് ശിവന് എന്നിവര്‍ മക്കളാണ്.
ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനിയമ്മയുടെയും ആറു മക്കളില്‍ രണ്ടാമനാണു ശിവന് എന്ന ശിവശങ്കരന് നായര്‍. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറാണ്. നെഹ്റു മുതല്‍ ഒട്ടനവധി നേതാക്കളുടെ രാഷ്ട്രീയ ജീവിതം പകര്‍ത്തി. 1959ല്‍ തിരുവനന്തപുരം സ്റ്റാച്യുവില്‍ ശിവന്‍സ് സ്റ്റുഡിയോയ്ക്കു തുടക്കമിട്ടു.


