കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ കാമുകനെ മരിച്ച നിലയില്‍ കണ്ടെത്തി. ജിജി രാജ് (അപ്പു) ആണ് മരിച്ചത്. വൈറ്റിലയിലെ ഫ്ലാറ്റിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അനന്യയുടെ സംസ്കാര ചടങ്ങിന് പങ്കെടുത്ത ശേഷം ഇന്നലെയാണ് ഇയാള്‍ മടങ്ങി എത്തിയത്.
അനന്യ തൂങ്ങിമരിച്ച സംഭവത്തില്‍ കളമശ്ശേരി പൊലീസിന്റെ അന്വേഷണം ഇന്ന് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കാമുകനായ ജിജിരാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ആലുവയിലുള്ള വാടക വീട്ടിലായിരുന്നു താമസം. ഇതിനിടെ രണ്ടു പേരും കഴിഞ്ഞ 15 ന് പുതിയ വീട്ടിലേക്ക് മാറിയിരുന്നു. ഇതിനിടെ പഴയ വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയ അനന്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച വ്യക്തമായ വിവരം പോലീസിന് ലഭിച്ചിരുന്നു.
അനന്യയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തില്‍ കയര്‍ മുറുകിയുണ്ടായതല്ലാതെ ദേഹത്ത് മറ്റ് പരിക്കുകള്‍ ഉണ്ടായിരുന്നില്ല.ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ പൊലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സാമൂഹിക നീതി വകുപ്പും ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ യടക്കം മൊഴി എടുക്കാനാണ് പൊലീസിന്റെ തീരുമാനം.


