തിരുവനന്തപുരം: അര്‍ബുദ രോഗബാധിതയായിരുന്ന സീരിയല്‍ നടി ശരണ്യ ശശി (35) അന്തരിച്ചു. കോവിഡും ന്യൂമോണിയയും ബാധിച്ച ശരണ്യ കുറച്ചു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മേയ് 23-നാണ് താരം കോവിഡ് ബാധിതയായത്. തുടർന്ന് രോഗം വഷളാവുകയായിരുന്നു. പിന്നീട് ഐസിയുവിലേക്കും വെന്റിലേറ്ററിലേക്കും മാക്കിയിരുന്നു.
2012-ല്‍ തലച്ചോറില്‍ ബാധിച്ച അര്‍ബുദത്തോട് പോരാടിയ ശരണ്യയുടെ ജീവിതം ഏവര്‍ക്കും മാതൃകയായിരുന്നു. നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും ജീവിതത്തെ പുഞ്ചിരിയോടെയാണ് ശരണ്യ നേരിട്ടിരുന്നത്. നടി സീമ ജി. നായരുടെ നേതൃത്വത്തിലുള്ള സുഹൃത്തുക്കളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ശരണ്യയ്ക്ക് താങ്ങായിരുന്നത്.
ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്. അടുത്തിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തിരുവനന്തപുരത്ത് ശരണ്യക്ക് വീട് നിര്‍മിച്ചു നല്‍കിയിരുന്നു.


