സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യം. പരാജയം ഉള്‍ക്കൊള്ളാന്‍ രക്ഷിതാക്കള്‍ മക്കളെ സജ്ജരാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടേക്കും. കലോത്സവങ്ങള്‍ ആര്‍ഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുത്. ദരിദ്ര ചുറ്റുപാടുകളില്‍ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികള്‍ക്കും ഭാരിച്ച ചിലവുകള്‍ താങ്ങാന്‍ സാധിക്കാറില്ല. ഇക്കാര്യം കൂടി അപ്പീലുകളുമായി കോടതിയില്‍ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ മനസിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കലോത്സവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്കി.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു. സാനിറ്റൈസറും ഉറപ്പാക്കണം. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 61ാം കേരള സ്കൂള്‍ കലോത്സവം ഇത്തവണ കോഴിക്കോടാണ്. 2015 ലാണ് അവസാനം കോഴിക്കോട് കലോത്സവത്തിന് വേദി ആയത്. ജില്ലയില്‍ ഇത് 8ാം തവണയാണ് കലോത്സവം നടക്കുന്നത്.


