പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. 5 വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമാണ്.
കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലര്‍ ഫ്രണ്ട് അറിയപ്പെടുക.
രണ്ട് തവണയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര് അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടന പരിശീലനം നടത്താന്‍ ക്യാമ്പുകള്‍ നടത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ എത്തിച്ചു. സംഘടന ഏറെ വ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ നിരോധിച്ചില്ലെങ്കില്‍ അത് ദേശീയോദ്ഗ്രഥനത്തിനു തടസമാവും എന്നും എന്‍ഐഎ, ഇഡി തുടങ്ങിയ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്കി.
റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ എന്‍ഐഎ റെയ്ഡും നടപടികളും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്. എന്‍ഐഎയും ഇഡിയും ആണ് രാജ്യവ്യാപകമായി പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലുമടക്കം പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവര്‍ത്തനം നടത്തിയെന്നും, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയെന്നും, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.


