ധീരജ് വധക്കേസിൽ കോണ്ഗ്രസ് ജില്ലാ നേതൃത്വം പുനരന്വേഷണം ആവശ്യപ്പെടുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു.നിഖിൽ പൈലി ഉൾപ്പെടെ നിലവിൽ പ്രതിചേർത്തിരിക്കുന്നവർ നിരപരാധികൾ. ഇക്കാര്യം കോൺഗ്രസിന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് നിഖിൽ പൈലിയെ ഡിസിസിയിലേക്ക് നാമ നിർദ്ദേശം ചെയ്തത്. ആരെ നാമനിർദേശം ചെയ്യണമെന്ന് സിപിഐഎം പറയേണ്ട ആവശ്യമില്ല. കൊലക്കേസ് പ്രതികളെ വരെ ജനപ്രതിനിധികളാക്കിയ ആളുകളാണ് സിപിഐഎം. നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയതിൽ വിവാദമുയർന്നിരുന്നു.
അതേസമയം ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ ഡിസിസി പ്രസിഡൻ്റ് സി പി മാത്യുവാണ് നാമനിർദ്ദേശം ചെയ്തത്. മജോ കാരിമുട്ടം, ജോയി വടക്കേടം, വർക്കി ആലയ്ക്കാപ്പറമ്പിൽ, ജോർജ് ജോസഫ് എന്നിവരെയാണ് നിഖിൽ പൈലിക്ക് പുറമേ നാമനിർദ്ദേശം ചെയ്തത്. ഇടുക്കി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് നിഖിൽ പൈലി.
ഡിസിസി അംഗമായി നാമനിർദ്ദേശം ചെയ്തതിൽ നന്ദി അറിയിച്ച് നിഖിൽ പൈലി ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. കെപിസിസി പ്രസിഡൻ്റ്, മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ഡിസിസി പ്രസിഡൻ്റ് സി പി മാത്യു എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നിഖിൽ പൈലി കുറിപ്പ് പങ്കുവെച്ചത്. അതേസമയം, തന്റെ നിലപാടിൽ തെറ്റില്ല എന്നാണ് ഡിസിസി പ്രസിഡൻ്റ് സി പി മാത്യു പറയുന്നത്. ധീരജിനെ കുത്തിയ കത്തി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന മറുചോദ്യവും ഡിസിസി പ്രസിഡന്റ് ചോദിക്കുന്നുണ്ട്.


