മിന്നല്‍ പണിമുടക്ക് നടത്തിയതിന് കെ.എസ്.ആര്.ടി.സി യൂണിയനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. യൂണിയനുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ജൂണ്‍ 26ന് നടത്തിയ മിന്നല്‍ പണിമുടക്കിലാണ് വിമര്‍ശനം.
ചെറിയ നടപടി പോരാ. സര്‍വീസില്‍ നിന്ന് പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ കെ.എസ്.ആര്.ടി.സിയോട് നിലപാട് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. പണിമുടക്ക് നടത്തിയവരില്‍ നിന്നും കടുത്ത പിഴ ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.
കെ.എസ്.ആര്.ടി.സിയെ നിയന്ത്രിക്കുന്നത് യൂണിയന് അല്ലല്ലോ, മാനേജ്മെന്റ് അല്ലേ എന്ന് കോടതി ചോദിച്ചു. ഷെഡ്യൂളുകള്‍ മുടക്കുകയല്ല വേണ്ടത്. രാവിലെ പോയിട്ട് വണ്ടി ഓടിക്കാന്‍ പറ്റില്ലെന്ന് പറയുന്നു. ഇതൊക്കെ എന്താണെന്ന് കോടതി ചോദിച്ചു.
ഈ പ്രശ്നത്തെ ന്യായീകരിക്കാനാവില്ല. കാട്ടക്കടയിലെ ഒരു സംഭവം മാത്രം മതി ജനങ്ങള്‍ ജീവനക്കാര്‍ക്കെതിരെ തിരിയാനെന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി.
തിരുവനന്തപുരത്ത് നാല് ഡിപ്പോകളിലായിരുന്നു ജൂണ്‍ 26ന് പണിമുടക്ക്. സര്‍വീസുകള്‍ റീ-ഷെഡ്യൂള്‍ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പണിമുടക്ക്.


