ഡല്‍ഹി പ്രതിഷേധങ്ങള്‍ക്ക് എതിരായ പൊലീസ് നടപടിയില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യം. രാജ്യചരിത്രത്തില്‍ വിദ്യാര്‍ഥികള്‍ ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പറഞ്ഞു. ഇരുസഭകളും ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ പിരിഞ്ഞു. പാര്‍ലമെന്റ് കവാടത്തില്‍ ധര്‍മേന്ദ്ര പ്രധാന് എതിരെ ഗോ ബാക്ക് വിളികളുമായി പ്രതിപക്ഷം. എന്‍ഡിഎ അംഗങ്ങള്‍ പ്രധാനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ചോദ്യോത്തരവേള പ്രഖ്യാപിച്ചപ്പോള്‍ തന്നെ സഭയില്‍ വന്‍ ബഹളം ഉയര്‍ന്നു. അമിത്ഷാ മറുപടി നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയില്‍ മറ്റ് കാര്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കര്‍ മറുപടി പറഞ്ഞത്. അമിത് ഷാ മറുപടി പറയാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇതോടെ മര്യാദ പാലിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. ഓരോ എംപിമാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കര്‍ ഓം ബിര്‍ല ചൂണ്ടിക്കാട്ടി. പിന്നാലെ, പ്രതിപക്ഷം സഭ നടപടികളോട് സഹകരിക്കുന്നില്ലെന്നും ഇത് മര്യാദയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. എല്ലാവരും മടങ്ങിപ്പോയി ഇരിപ്പിടത്തില്‍ ഇരിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ ലോക്സഭ 12 മണി വരെ നിര്‍ത്തിവെച്ചു.
രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് വിഷയം ഉന്നയിച്ചത്. പിന്നാലെചട്ടം 267 പ്രകാരം ഇപ്പൊള്‍ വിഷയം ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് ചെയര്മാന് അറിയിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിഷയത്തില്‍ ഉന്നയിക്കാമെന്ന് ഖര്‍ഗെ മറുപടി നല്കി. ഇതോടെ സഭയുടെ അനുവാദം വേണമെന്ന് ചെയര്മാന് പറഞ്ഞു. ഇത് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങള്‍ എന്ന് ഖര്‍ഗെ തിരിച്ചടിച്ചു. പിന്നാലെ രാജ്യസഭയും 12 മണിവരെ നിര്‍ത്തിവച്ചു.


