വടകര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. വടകര ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ടു നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആര്.ഡി.ഒയുടെ സാന്നിധ്യത്തില്‍ സജീവന്റെ ഇന്‍ക്വസ്റ്റ് നടക്കും.
ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവ് (42) ആണ് മരിച്ചത്. വിട്ടയച്ചതിന് ശേഷം സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞ് വീഴുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പൊലീസ് സജീവനെ മര്‍ദിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. കസ്റ്റഡിയിലെടുത്തപ്പോള്‍ മുതല്‍ സജീവന് നെഞ്ചുവേദനയുണ്ടായിരുന്നു. ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടും അവര്‍ കാര്യമാക്കിയില്ലെന്നും ഗ്യാസാണെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറോളം സ്റ്റേഷനിലിരുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇന്നലെ രാത്രി സുഹൃത്തുക്കളോടൊപ്പമായിരുന്നു കല്ലേരി സ്വദേശി സജീവന് (42) വടകരയ്ക്കെത്തിയത്. ഇവരുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായി. ഇതിനിടെ സംഭവസ്ഥലത്ത് പൊലീസ് എത്തുകയും ചെയ്തു. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സജീവനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനില്‍ വെച്ച് എസ്.ഐയും കോണ്‍സ്റ്റബിളും സജീവനെ മര്‍ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. നെഞ്ച് വേദന അനുഭവപ്പെട്ട സജീവന് ഇക്കാര്യം പൊലീസിനോട് പറഞ്ഞെങ്കിലും ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് വെള്ളം കൊടുക്കുക മാത്രമാണ് ചെയ്തത്. വേദന കൂടിയിട്ടും മുക്കാല്‍ മണിക്കൂറുകളോളം സ്റ്റേഷനില്‍ ഇരുത്തുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.


