മലപ്പുറം തേഞ്ഞിപ്പലത്തെ പോക്സോ കേസ് ഇരയുടെ മരണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മരണത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കമ്മീഷണറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ബന്ധുക്കള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പരാതി ലഭിച്ച സമയത്ത് പോക്സോ കേസില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചില്ലെന്നാണ് പ്രധാന പരാതി. യൂനിഫോമിലുള്ള ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയതുള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ സംഭവത്തോടെ പെണ്‍കുട്ടിയുടെ കുടുംബം ഒറ്റപ്പെട്ടു. ആവശ്യമായ സുരക്ഷ നല്‍കിയില്ലെന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതി കൂടി വന്നതോടെയാണ് ബാലവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തത്.
സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് കോഴിക്കോട് കമ്മീഷണറോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കമ്മീഷന് ആവശ്യപെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്ന് ബാലവകാശ കമ്മീഷന് അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് തേഞ്ഞിപ്പലം സ്വദേശിയായ പതിനെട്ടുകാരി ആത്മഹത്യ ചെയ്തത്. ആറു മാസം മുമ്പ് ബന്ധുക്കളാല്‍ പിഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക അസ്വാസ്ഥ്യവും ഒറ്റപ്പെടലുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.


