പാലക്കാട്: പത്തുപവന്‍ തൂക്കമുള്ള മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കരിമ്പുഴ കുന്നത്ത് പുത്തന്‍പുര സജിത്തിൻ്റെ ഭാര്യ രജിത(39) ആണ് അറസ്റ്റിൽ ആയത്. ചെര്‍പ്പുളശ്ശേരി പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ സജിത്ത് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൻ്റെ പരാതിയിലാണ് കേസ് എടുത്തത്. 80 ഗ്രാം തൂക്കമുള്ള കയറുപിരി മോഡല്‍ മാലയാണ് രജിത സ്ഥാപനത്തില്‍ പണയം വെച്ചത്. പിന്നീട് പലതവണ പുതുക്കി സ്വര്‍ണവില അനുസരിച്ചു കൂടുതല്‍ പണം കൈപ്പറ്റി. പണയം പുതുക്കിയതുവഴി നിലവില്‍ ബാധ്യത 3.14 ലക്ഷത്തോളം രൂപയായി എന്ന് സ്ഥാപന ഉടമ പറഞ്ഞു.
എന്നാൽ, തിരിച്ചെടുക്കാന്‍ വരാതായതോടെ സ്ഥാപന അധികൃതര്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. സൂക്ഷ്മ പരിശോധനയില്‍ കയറുപിരിമാല മുക്കുപണ്ടമാണെന്ന് തെളിയുകയായിരുന്നു. ഉരച്ചുനോക്കിയാല്‍ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയാനാവില്ല. മാല മുറിച്ച് പരിശോധിച്ചാലെ സ്വര്‍ണമല്ലെന്ന് തിരിച്ചറിയൂ. പണയവസ്തു മുറിക്കാനുള്ള സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സമാനമായ പതിനേഴ് തട്ടിപ്പു കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ചെര്‍പ്പുളശ്ശേരി ഇന്‍സ്പെക്ടര്‍ എം. സുജിത്ത്, എസ്.ഐ. കെ.സുഹൈല്‍, എസ്.സി.പി.ഒ.മാരായ സി.വി. മുരളീധരന്, പി. സുധ, ശങ്കരനാരായണന് എന്നിവരടങ്ങിയ സംഘമാണ് രജിതയെ അറസ്റ്റ് ചെയ്തത്.


