ആലപ്പുഴ: യുവതിയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തോട്ടുങ്കല്‍ വീട്ടില്‍ അനീഷിൻ്റെ ഭാര്യ അനിതയെയാണ് (32) ശനിയാഴ്ച പള്ളാത്തുരുത്തി ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ യുവതിയുടെ കാമുകന് മലപ്പുറം എടത്തൂര് ഗ്രാമന്കുഞ്ഞ് പൂക്കോടം ഹൗസില്‍ പ്രതീഷ് (36), ഇയാളുടെ കാമുകിയും കൈനകരി തോട്ടുവാത്തല പവിശ്ശേരി വീട്ടില്‍ പ്രദീപിൻ്റെ ഭാര്യയുമായ രജനി (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ മൂന്ന് പേരെയും നെടുമുടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രജനിക്കൊപ്പം ജീവിക്കുന്നതിന് വേണ്ടി ഇയാൾ അനിതയെ വീട്ടില്‍ വിളിച്ചുവരുത്തി കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആറ്റില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് അനിതയെ ഇയാള്‍ രജനിയുടെ കൈനകരിയിലെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മൂവരും ചേര്‍ന്ന് ശാരീരികബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ പ്രതീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കായംകുളം താമരക്കുളം പാമ്പിന് സമീപമുള്ള അഗ്രികള്‍ച്ചറല്‍ ഫാമിലെ ജീവനക്കാരായിരുന്നു അനിതയും പ്രതീഷും. ഇരുവരും അവിടെ വെച്ച് പരിചയപ്പെടുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. ഇതിനിടെ ഇരുവരും ഫാമില്‍ വച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന് രണ്ട് പേരും ജോലി ഉപേക്ഷിച്ചു. തുടർന്ന് ഭര്‍ത്താവിനെയും രണ്ടുമക്കളെയും ഉപേക്ഷിച്ച് അനിത പ്രതീഷിനൊപ്പം നാടുവിടുകയായിരുന്നു.
രണ്ടുവര്‍ഷത്തോളം കോഴിക്കോട്ടും തൃശ്ശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗര്‍ഭിണിയായി. ഇതോടെ തന്നെ വിവാഹം കഴിക്കണമെന്ന് അനിത പ്രതീഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ച രജനിയുമായി രണ്ടരവര്‍ഷമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. അനിതയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് രജനി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും ചേർന്ന് കൊലപാതകം നടത്തിയത്.


