തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ നേമം മണ്ഡലത്തിൽ ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രി വി. ശിവൻകുട്ടി. മണ്ഡലത്തിൽ ബിജെപി പൂട്ടിയ അക്കൗണ്ട് ഇനി തുറക്കാൻ അനുവദിക്കില്ലെന്നും എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥിയായി ആര് വന്നാലും അത് തന്റെ വിജയസാധ്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞു.
മണ്ഡലത്തിലെ വോട്ടർമാരുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധമാണ് വിജയത്തിന് ആധാരമെന്ന് മന്ത്രി അവകാശപ്പെട്ടു. വർഷങ്ങളായി മണ്ഡലത്തിൽ സജീവമായതിനാൽ ഭൂരിഭാഗം ആളുകളെയും തനിക്ക് നേരിട്ട് അറിയാം. കഴിഞ്ഞ അഞ്ച് വർഷത്തെ തന്റെ പ്രവർത്തനങ്ങളും വികസന നേട്ടങ്ങളും ജനങ്ങൾ വിലയിരുത്തുമെന്നും സിറ്റിംഗ് എംഎൽഎ എന്ന നിലയിലുള്ള സ്വാധീനം വോട്ടായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


