കുറവന്‍കോണം കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍. തമിഴ്നാട്ടില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. തമിഴ്നാട് സ്വദേശിയാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി പേരൂര്‍ക്കടയിലെ ഹോട്ടല്‍ ജീവനക്കാരനാണെന്നാണ് സൂചന.
നേരത്തെ യുവതികൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടേതെന്ന് കരുതുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ കടയില്‍ നിന്നുള്ള സി.സി ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പതിനൊന്നു മണിയോടെ കടയിലെത്തിയ പ്രതി 20 മിനുട്ടിന് ശേഷമാണ് പുറത്തു വന്നത്. ഫെബ്രുവരി ആറ് ഞായറാഴ്ചയാണ് വിനീത കൊല്ലപ്പെടുന്നത്.
അമ്പലമുക്ക് കുറവന്‍കോണം റോഡിലെ ടാബ്സ് ഗ്രീന്‍ടെക് എന്ന അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു വിനീത. ഞായറാഴ്ച കടയ്ക്കുള്ളിലാണ് വിനീത കുത്തേറ്റു കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണ കാരണം. കടയില്‍ സിസിടിവി ഉണ്ടായിരുന്നില്ല. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വിനീതയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുന്‍പ് ഹൃദയാഘാതം വന്ന് മരിച്ചതാണ്. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട് വിനീതക്ക്.


