ന്യൂഡല്‍ഹി: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി. നാളെ ചെങ്കോട്ടയില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തും. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘വന്ദേമാതരം’ ആലപിക്കും. ‘വന്ദേമാതരം’ 150-ാം വാര്‍ഷികവും ‘വികസിത് ഭാരത്@2047’ എന്ന ലക്ഷ്യത്തിലേക്കുള്ള യുവശക്തിയുടെ പങ്കാളിത്തവുമാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രധാന പ്രമേയങ്ങള്‍. ദേശീയപതാക ഉയര്‍ത്തിയതിന് പിന്നാലെ തദ്ദേശീയമായി നിര്‍മിച്ച 105 എംഎം ലൈറ്റ് ഫീല്‍ഡ് ഗണ്ണുകള്‍ ഉപയോഗിച്ച് 21-ഗണ്‍ സല്യൂട്ട് നല്‍കും. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകള്‍ ദേശീയപതാകയും ‘വന്ദേമാതരം’ ആലേഖനം ചെയ്ത പതാകയും വഹിച്ച് ചെങ്കോട്ടയ്ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തും. വിവിധ മേഖലകളില്‍ നിന്നായി ഏകദേശം 5,000 പ്രത്യേക അതിഥികളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ചെങ്കോട്ടയില്‍ കനത്ത സുരക്ഷ സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ചെങ്കോട്ടയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് 20,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങള്‍, കമാന്‍ഡോകള്‍, എന്‍എസ്ജി, എന്‍ഡിആര്‍എഫ്, ക്വിക്ക് റിയാക്ഷന് ടീമുകള്‍ എന്നിവ സുരക്ഷാ ചുമതല നിര്‍വഹിക്കും. ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലുമായി 1,000-ത്തിലധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും നിരീക്ഷണം തുടരും. ഫേഷ്യല്‍ റെക്കഗ്നിഷന്‍, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍, നുഴഞ്ഞുകയറ്റം കണ്ടെത്തല്‍ തുടങ്ങിയ ആധുനിക സാങ്കേതിക സംവിധാനങ്ങളും സുരക്ഷയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ഡ്രോണ്‍ ഭീഷണി നേരിടാന്‍ പ്രത്യേക ആന്റി ഡ്രോണ്‍ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സംശയാസ്പദമായ വ്യക്തികളെയും വാഹനങ്ങളെയും കണ്ടെത്തുന്നതിനായി ഡല്‍ഹിയിലുടനീളം പരിശോധനകളും ശക്തമായ പട്രോളിങ്ങും തുടരുകയാണ്.

