തിരുവനന്തപുരം: ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിന്റെ രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവനിലെ ജീവനക്കാരന് പുറത്ത്. ഇലക്ട്രിഷ്യനെയാണു ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് അറിയുന്നു. കെ.സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റായിരിക്കെ, ഫൊട്ടോഗ്രഫറുടെ ജോലി നിര്‍വഹിച്ചിരുന്ന ജീവനക്കാരനെ പിന്നീട് ഇലക്ട്രിഷ്യന്‍ തസ്തികയില്‍ നിയമിക്കുകയായിരുന്നു. കെയര്‍ടേക്കറുടെ ഉത്തരവാദിത്തവും ഇദ്ദേഹത്തിനായിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വ്യാജ ജിഎസ്ടി ബില്ലുകള്‍, ശബ്ദരേഖകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പുറത്തായത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് SPG അംഗങ്ങള്‍ വന്നപ്പോള്‍ താമസസൗകര്യം ഒരുക്കിയതിന്റെയും വാഹനങ്ങള്‍ വാടകയ്ക്കെടുത്തതിന്റെയും വിവരങ്ങള്‍ പുറത്തായതിനെക്കുറിച്ച് കഴിഞ്ഞദിവസം കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുണ്ടായി. തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന അച്ചടക്കസമിതി ചെയര്മാന് കുമ്മനം രാജശേഖരനെയും മുന്‍ ഡിജിപി കൂടിയായ ബിജെപി നേതാവ് ജേക്കബ് തോമസിനെയും നിയോഗിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരെ വിളിച്ചുവരുത്തിയപ്പോള്‍ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്യാന്‍ ജേക്കബ് തോമസ് നിര്‍ദേശിച്ചു. എന്നാല്‍ ഈ വിവരവും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഓഫിസ് ജീവനക്കാരുടെ ഫോണുകളും അന്വേഷണസംഘം പരിശോധിച്ചു.

