പള്ളുരുത്തി: കുമ്പളങ്ങി പഴങ്ങാട് പടിക്കല്‍ വീട്ടില്‍ ആന്റണി ലാസറിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മുഖ്യപ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു.
ഒന്നാം പ്രതി കുമ്പളങ്ങി തറേപറമ്പില്‍ അണ്ണന് ബിജുവെന്ന ബിജു(43), രണ്ടാം പ്രതി കുമ്പളങ്ങി ഭജനമഠത്തിന് സമീപം ലാല്‍ജു(38)എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. മൂന്നും നാലും പ്രതികളായ കുമ്പളങ്ങി പുത്തന്‍കരി വീട്ടില്‍ സെല്വന് (53),കുമ്ബളങ്ങി സ്വദേശിനി ഒന്നാം പ്രതി തറേപറമ്പില്‍ ബിജുവിെന്റ ഭാര്യ മാളു എന്ന രാഖി(22) എന്നിവര്‍ റിമാന്‍ഡിലായതിനാല്‍ ഇവരെ തെളിവെടുപ്പിന് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഒന്നും രണ്ടും പ്രതികളെകൂടി കോടതിയില്‍ ഹാജരാക്കിയശേഷം നാലുപേരെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പൊലീസ് തീരുമാനം.
പള്ളുരുത്തി എസ്.ഐ വൈ. ദീപുവിെന്റ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളുടെ കൊടുംക്രൂരത കുമ്ബളങ്ങിയെ നടുക്കിയിരിക്കയാണ്. കൊലപ്പെടുത്തിയ ശേഷം ലാസറിെന്റ വയറുകീറി കല്ലുനിറച്ച് ചളിയില്‍ താഴ്ത്താന്‍ നിര്‍ദേശം നല്‍കിയത് താനാണെന്ന് ഒന്നാം പ്രതിയുടെ ഭാര്യയും പ്രതിയുമായ രാഖിപൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വയര്‍ കീറിയശേഷം ആന്തരികാവയവങ്ങള്‍ കവറിലാക്കി തോട്ടില്‍ തള്ളിയതും രാഖിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുസംബന്ധമായ തെളിവെടുപ്പും വരുംദിവസം ഉണ്ടാകും.


