തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിലും ടെലഗ്രാം, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നു. തിയേറ്ററുകൾക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ സെക്കൻഡുകൾ മാത്രമുള്ള ‘ട്രെയ്ലർ’ എന്ന പേരിൽ വിവിധ എക്സ് അക്കൗണ്ടുകളിൽ പങ്കുവെക്കപ്പെടുന്നതെന്ന് ‘ദി ന്യൂസ് മിനിറ്റ്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം വീഡിയോകൾക്കൊപ്പം ടെലഗ്രാം ചാനലുകളിൽ ജോയിൻ ചെയ്യാനുള്ള ലിങ്കുകളും പങ്കുവെക്കപ്പെടുന്നുണ്ട്. ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്താൽ അതിൽ തന്നെ നിരവധി സബ് ചാനലുകളും കാണാനാവും. വിവിധ ഭാഗങ്ങളാക്കി തിരിച്ച നിരവധി സിസിടിവി ദൃശ്യങ്ങൾ പണം നൽകിയാൽ ഡൗൺലോഡ് ചെയ്യാനാവും. പണം അടച്ചതിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്യാൻ മാത്രമായി മറ്റൊരു ചാനലും നിലവിലുണ്ട്. സിസിടിവി ദൃശ്യങ്ങളിലുള്ള തിയേറ്ററിലെ സീറ്റുകളിൽ കെഎസ്എഫ്ഡിസിയുടെ ലോഗോ കൃത്യമായി കാണാനാവും.


