തിരുവനന്തപുരം പള്ളിപ്പുറത്ത് പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തില്‍ ഗുണ്ടാ വിളയാട്ടം. നാല് പേരടങ്ങുന്ന സംഘം വീടുകളില്‍ കയറി ആയുധം കാണിച്ച് ഭീഷണി മുഴക്കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാനുവിന്റെ നേതൃത്വത്തിലാണ് അതിക്രമം നടത്തിയത്.
മംഗലപുരം സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതിയാണ് ഷാനു. സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് മുളക് പൊടി എറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേല്പിച്ച് നൂറ് പവനോളം കവരുകയായിരുന്നു. മംഗലപുരം ദേശീയപാതയില്‍ പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിനായിരുന്നു സംഭവം.
ഈ കേസില്‍ പൊലീസ് അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഷാനുവും സംഘവും വീണ്ടും ആക്രമണം നടത്തിയത്. മൊബൈല്‍ കടയില്‍ കയറി തൊഴിലാളിയെ കുത്തിയ കേസിലും ഷാനുവിനെ പൊലീസ് തിരയുന്നുണ്ട്.
സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം തടയുന്നതിന് പൊലീസ് വകുപ്പിനു കീഴില്‍ ഓപ്പറേഷന് കാവല്‍ എന്ന പേരില്‍ ആരംഭിച്ച പദ്ധതി ഫലവത്താകുന്നില്ല എന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് വീണ്ടും തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം നടക്കുന്നത്.


