വധഭീഷണി ലഭിച്ച കേസില്‍ പൊലീസ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മൊഴിയെടുത്തു. കോട്ടയം വെസ്റ്റ് പൊലീസാണ് മൊഴിയെടുത്തത്. ഭീഷണിക്കത്തയച്ചവരെ കണ്ടെത്തേണ്ടത് പൊലീസാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ജയിലിലുള്ള പ്രതികളാണ് കത്തിന് പിന്നിലെങ്കില്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ടിപി ചന്ദ്രശേഖരന് വധക്കേസിലെ പരോളിലിറങ്ങിയവരുടേയും ജാമ്യത്തില്‍ നില്‍ക്കുന്നവരുടേയും വിവരങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തണമെന്നും എന്തൊക്കെ വന്നാലും താന്‍ നിര്‍ഭയമായ പൊതുപ്രവര്‍ത്തനം തുടരുമെന്നതില്‍ തര്‍ക്കമില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
‘മൊഴി രേഖപ്പെടുത്തി. ഇന്നലെയാണ് കൈയ്യില്‍ കത്ത് കിട്ടുന്നത്. പിന്നീട് ഇക്കാര്യം പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളേയും അറിയിച്ചു. കത്തിന്റെ പകര്‍പ്പ് കവറിംഗ് ലെറ്ററോട് കൂടി മുഖ്യമന്ത്രിക്ക് നല്കി. നടപടികള്‍ എടുക്കേണ്ടത് സര്‍ക്കാരാണ്. എത്ര മുന്നോട്ട് പോകുമെന്ന് കാത്തിരുന്ന് കാണണം. എന്റെ കൈയ്യില്‍ കിട്ടിയ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് തന്നെ വിവരം നല്‍കിയിട്ടുള്ളത്.
ഇവരുടെ ഓപ്പറേഷന്‍സ് വ്യത്യസ്തമാണ്. അതിനകത്ത് പറയുന്നത് തിരിച്ച് ജയിലിലേക്ക് പോകും എന്നാണ്. അതിന്റെ അര്‍ത്ഥം ജയിലില്‍ നിന്നും ഇറങ്ങിയ ആളുകള്‍ ആണെന്നല്ലേ. അങ്ങനെ ഇറങ്ങിയ ആളുകള്‍ ആരൊക്കെയാണെന്ന് അറിയാന്‍ സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചാല്‍ മതി. ടിപി ചന്ദ്രശേഖരന് വധക്കേസിനകത്ത് ജാമ്യത്തില്‍ നില്‍ക്കുന്നവരും പരോളില്‍ ഇറങ്ങിയവരുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അവരാണ് അന്വേഷണം നടത്തേണ്ടത്. ഞാന്‍ നിര്‍ഭയമായ പൊതുപ്രവര്‍ത്തനം നടത്തും എന്നതില്‍ ഒരു തര്‍ക്കവുമില്ല.’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ തിരുവഞ്ചൂരിനേയും ഭാര്യയേയും മക്കളേയും കൊലപ്പെടുത്തുമെന്നായിരുന്നു ഊമ കത്തിലെ മുന്നറിയിപ്പ്. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായായിരിക്കെ ജയിലിടയ്ക്കപ്പെട്ട ആളാണെന്ന് കത്തില്‍ നിന്ന് വ്യക്തമാണെന്നും ടിപി വധക്കേസിലെ പ്രതികളാണെന്ന് സംശയമുണ്ടെന്നും എന്നാല്‍ ഇത് ഉറപ്പിക്കാനാവില്ലെന്നുമായിരുന്നു കത്തിനോടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.


