സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധി പെണ്‍കുട്ടികളെ കബളിപ്പിച്ച് പണവും സ്വര്‍ണവും കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുല്‍ എംഎസ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനരയായ രണ്ട് പെണ്‍കുട്ടികള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കലൂര്‍ മെട്രോ സ്റ്റേഷന് പരിസരത്തേക്ക് ഇവര്‍ വിദ്യാര്‍ഥിനിയെ വിളിച്ചു വരുത്തിയിരുന്നു. ഇവിടെ എത്തിയ ദമ്പതികള്‍ പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുഖത്ത് മുളക് പ്രേ അടിക്കുകയും കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാലയും കൈവശമുണ്ടായിരുന്ന 20,000 രൂപയും തട്ടിയെടുത്തു.
അവശയായ വിദ്യാര്‍ഥിനിയെ പാലാരിവട്ടം ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. സമാനമായ രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നും ഇരുപതിനായിരം രൂപയോളം ഇവര്‍ കവര്‍ന്നിരുന്നു.
ഇരുവരും നല്കിയ പരാതിയിലാണ് അന്വേഷണത്തിനൊടുവില്‍ ദമ്പതികളെ തൃപ്പൂണിത്തുറയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയായ കാറോടിച്ചിരുന്ന അമ്പാടി എന്ന വ്യക്തി ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.


