പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക. തിങ്കളാഴ്ച വിജിലന്‍സ് വീണ്ടും ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യും. പ്രതിയെ വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് സൂചന.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാടിലാണ് വിജിലന്‍സ്. ചോദ്യം ചെയ്യാന്‍ കൂടുതല്‍ ദിവസങ്ങള്‍ അനുവദിച്ച് തരണമെന്നായിരിക്കും ഏജന്‍സി ആവശ്യപ്പെടുക. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഹൈക്കോടതിയെ ഇബ്രാഹിം കുഞ്ഞ് സമീപിക്കും. കഴിഞ്ഞ ദിവസമാണ് കോടതി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലസിന് അനുമതി ലഭിച്ചു.
വളരെ ഗുരുതരമായ ക്യാന്‍സര്‍ രോഗ ബാധിതനാണ് മുന്‍ മന്ത്രി. അറസ്റ്റു ചെയ്ത സമയം ഇത്രയും ഗുരുതരമായ രോഗാവസ്ഥയാണെന്ന് വിജിലന്‍സ് അറിഞ്ഞിരുന്നില്ല. ക്യാന്‍സറിന്റെ മൂന്നാം സ്റ്റേജിലാണ് ഇബ്രാഹിം കുഞ്ഞെന്നു് വേണം കരുതാന്‍. DM0 യുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം മള്‍ട്ടിപ്പിള്‍ മൈലോമ എന്ന മജ്ജക്കും എല്ലിനും ബാധിക്കുന്ന ഗുരുതരമായ ക്യാന്‍സര്‍ രോഗമാണ്. ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കാര്യമായി കുറയുകയും കൊറോണ പോലുള്ള രോഗങ്ങള്‍ പെട്ടെന്ന് പകരുവാനുമുള്ള സാദ്ധ്യതയും ഉണ്ട്.
നവംബര്‍ 17 – നാണ് ഇബ്രാഹിം കുഞ്ഞിനെ ലേക് ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 18-ന് ആലുവയിലെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തിയപ്പോഴാണ് മുന്‍ മന്ത്രി ലേക്ക് ഷോര്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞത്. അന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ റിമാന്റ് റിപ്പോര്‍ട്ട് പ്രകാരം മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന് സെബാസ്റ്റ്യന്‍ ആശുപത്രിയിലെത്തിയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ആശുപത്രിയില്‍ തന്നെ ചികിത്സ തുടരാന്‍ ഉത്തരവായത്.
വിജിലന്‍സ് പറയുന്നതുപോലെ അറസ്റ്റ് വിവരം അറിഞ്ഞല്ല മുന്‍ മന്ത്രി ലേക് ഷോറില്‍ അഡ്മിറ്റായത്. 2020 ഏപ്രില്‍ മുതല്‍ അവിടെ കീമോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സയിലാണ്. രണ്ടാഴ്ച കൂടുമ്പോള്‍ കീമോതെറാപ്പി വേണ്ടിവരും. കഴിഞ്ഞ 19- നാണ് കീമോയെടുത്തത്. ഡിസംബര്‍ 3-ന് വീണ്ടും കീമോ വേണം. ഇപ്പോള്‍ തന്നെ ഹൃദയസംബന്ധമായും പ്രമേഹത്തിനും ചികിത്സയുണ്ട്. കൈക്കുണ്ടാകുന്ന വേദനക്ക് റേഡിയേഷന് ചികിത്സയും നല്‍കുന്നുണ്ട്.
ലേക്ക് ഷോര്‍ ആശുപത്രിയില്‍ വച്ച് വിജിലന്‍സ് നവംബര്‍ 30-ന് തിങ്കളാഴ്ച ഇബ്രാഹിം കുഞ്ഞില്‍ നിന്നും വിശദമായ വിവരങ്ങള്‍ ചോദിച്ചു കഴിഞ്ഞാല്‍ ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടി വരും. ഗുരുതരമായ രോഗാവസ്ഥയായതിനാല്‍ വീണ്ടും ചോദ്യം ചെയ്യാനുള്ള ആവശ്യം ഉന്നയിക്കാനുള്ള സാദ്ധ്യത കുറവാണ്.
നേരത്തെ ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാം. 30-ാം തിയതിയാണ് ചോദ്യം ചെയ്യേണ്ടത്. രാവിലെ 9 മണി മുതല്‍ 12 മണി വരെയും, വൈകീട്ട് 3 മണി മുതല്‍ 5 മണി വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി. ചോദ്യം ചെയ്യുന്നതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് ടെസ്റ്റ് നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്. ചികിത്സ തടസപ്പെടുത്തരുതെന്നുമായിരുന്നു നിര്‍ദേശം.
കേസ്സില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. പ്രതിക്ക് വേണ്ടി വീണ്ടും ജാമ്യാപേക്ഷ 30 ന് ശേഷം ഫയല്‍ ചെയ്യാം. ഇപ്പോഴത്തെ സ്ഥിതിയില്‍ തുടര്‍ന്നും പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന ആവശ്യം വിജിലന്‍സ് ഉന്നയിക്കില്ലെന്ന് വേണം കരുതാന്‍.


