എറണാകുളം: സംസ്ഥാനമൊട്ടാകെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ട് രോഗലക്ഷണമുള്ള എല്ലാവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ജില്ലയില്‍ ശരാശരി 6000 കോവിഡ് പരിശോധനകള്‍ ആണ് പ്രതിദിനം നടത്തുന്നത്. ജില്ലയില്‍ ആകെ 276596 സാമ്പിളുകള്‍ ആണ് കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 15000 ഓളം പേരുടെ സാമ്പിളുകള്‍ ആണ് പരിശോധനക്കായി ശേഖരിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള എല്ലാവരുടെയും സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിക്കാനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജില്ലയില്‍ ഇതുവരെ നടത്തിയ പരിശോധനയില്‍ 132264 സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളിലും 144332 സാമ്പിളുകള്‍ സ്വകാര്യ ലാബുകളിലുമാണ് പരിശോധിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ലാബുകളിലെ ആകെ പരിശോധനകളില്‍ 60568 ആര്. ടി. പി. സി. ആര് പരിശോധനകളും 68463 ആന്റിജന്‍ പരിശോധനകളും ആണ് നടത്തിയിട്ടുള്ളത്. 1132 ട്രൂ നാറ്റ് പരിശോധനകളും 1921 സി. ബി നാറ്റ് പരിശോധനകളും സര്‍ക്കാര്‍ ലാബുകളില്‍ നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ 73925 ആര്. ടി. പി. സി. ആര് പരിശോധനകളും ഇതുവരെ നടത്തി. 6494 ട്രൂ നാറ്റ് പരിശോധനകളും 2226 സി. ബി നാറ്റ് പരിശോധനകളും ആണ് ജില്ലയില്‍ ഇത് വരെ നടത്തിയിട്ടുള്ളത്.
ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി രോഗവ്യാപനം കുറക്കാനാവശ്യമായ നടപടികള്‍ ജില്ലാ ഭരണകൂടം നടപ്പാക്കി വരികയാണ്. തഹസില്‍ദാര്‍മാരുടെയും ഡെപ്യൂട്ടി കളക്ടര്‍മാരുടെയും നേതൃത്വത്തില്‍ സ്ക്വാഡുകള്‍ ജില്ലയില്‍ കോവിഡ് നിയമലംഘനങ്ങള്‍ പരിശോധിക്കുന്നുണ്ട്.


