ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറി മോഷണത്തില്‍ ഒരാൾ കൂടി പിടിയിലായി. തിരുവാരൂരിൽ നിന്ന് സുരേഷ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ തിരുവാരൂരിലെ വാഹന പരിശോധനയ്ക്കിടെ രണ്ട് ബാഗുകളിൽ അഞ്ച് കിലോ സ്വർണവുമായി മണികണ്ഠൻ എന്നയാളെ പിടികൂടിയിരുന്നു.
ബാർകോഡ് പരിശോധിച്ചപ്പോൾ ഈ സ്വർണം മോഷണം നടന്ന ലളിതാ ജ്വല്ലറിയിലേത് തന്നെയാണ് സ്ഥരീകരിച്ചു. ജ്വല്ലറി മോഷണത്തില്‍ ആറ് ജാര്‍ഖണ്ഡ് സ്വദേശികൾ നേരത്തെ പിടിയിലായിരുന്നു. പിടിയിലായ മോഷ്ടാക്കള്‍ കേരളത്തിലും കവര്‍ച്ച നടത്തിയവരാണെന്നാണ് തമിഴ്നാട് പൊലീസ് വ്യക്തമാക്കുന്നത്.
ബുധനാഴ്ച പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. 50 കോടിയോളം രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളുമാണ് ജ്വല്ലറിയില്‍നിന്ന് മോഷണം പോയത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിത്തുരന്ന് മോഷ്ടാക്കൾ ജ്വല്ലറിക്കകത്ത് കയറുകയായിരുന്നു. ജ്വല്ലറിയുടെ ഒന്നാം നിലയില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ സ്റ്റോര്‍ റൂമിലെ അഞ്ച് ലോക്കറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് ദണ്ഡ് ജ്വല്ലറിയുടെ പുറക് വശത്തുള്ള സ്കൂളിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തിയിരുന്നു.
പുതപ്പ് വില്‍പ്പനാക്കാരായാണ് ഇവര്‍ തിരുച്ചിറപ്പള്ളിയില്‍ എത്തിയത്. ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമായിരുന്നു മോഷണം. മൃഗങ്ങളുടെ രൂപമുള്ള മുഖംമൂടി ധരിച്ച് രണ്ട് പേര് ജ്വല്ലറിക്ക് അകത്ത് പ്രവേശിക്കുകയും, മറ്റുള്ളവര്‍ പുറത്ത് നിന്ന് സഹായം നല്‍കുകയുമായിരുന്നു.


