മുവാറ്റുപുഴ: ശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയും കണക്കിലെടുത്ത് മുവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര ദുരന്തനിവാരണ സമിതി യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിലവിലെ മഴയുടെ തീവ്രത, നദികളിലെ ജലനിരപ്പ്, വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ എന്നിവ വിശദീകരിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
യോഗത്തിൽ വൈസ് ചെയർമാൻ പി.എം അബ്ദുൽ സലാം, ആർ.ഡി.ഒ, തഹസിൽദാർ, ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, പൊലീസ്, ആരോഗ്യ വകുപ്പ്, സർക്കാർ ആശുപത്രി അധികൃതർ, വില്ലേജ് ഓഫീസർമാർ, നഗരസഭാ സെക്രട്ടറി, നഗരസഭാ ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് പ്രതിനിധികൾ, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
മഴക്കാല ദുരന്തസാധ്യത നേരിടാനുള്ള മുന്നൊരുക്കങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളുടെ സജ്ജീകരണം, അപകടസാധ്യതയുള്ള മേഖലകളിലെ നിരീക്ഷണം, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ എന്നിവ യോഗത്തിൽ വിലയിരുത്തി. ആവശ്യമായ എല്ലാ മുൻകരുതലുകളും നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്നും, ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംവിധാനങ്ങൾ സജ്ജമാണെന്നും ജനങ്ങൾ ഭയാശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അറിയിച്ചു.


