ഡൽഹി: 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയിലെ പ്രദർശനാനുമതി വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രം. ഒരു ചിത്രത്തിനും പ്രദർശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. അനുമതി നിഷേധിച്ച വാർത്തയിൽ ഡോക്ടർ ശശി തരൂർ എംപി ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഈ മാസം 25 മുതൽ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ച 31 ചിത്രങ്ങൾക്കാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത്. ഇതിന് പിന്നാലെ വിവിധ കോണുകളിൽ നിന്നുയർന്ന വിമർശനത്തെ തുടർന്നാണ് ഇന്ന് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്. ഒരു ചിത്രത്തിനും പ്രദർശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ വാർത്ത വിതരണ പ്രക്ഷേപണമന്ത്രാലയം ആറ് ചിത്രങ്ങളോട് കൂടുതൽ വിശദമായ സിനോപ്സിസ് തേടുക മാത്രമാണ് ചെയ്തതെന്നും വിഷയത്തിന്റെ സ്വഭാവമനുസരിച്ച് ചില ചിത്രങ്ങൾ ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പരിശോധനയ്ക്ക് അയക്കുകയാണ് ഉണ്ടായതെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സെൻസർ സർട്ടിഫിക്കറ്റില്ലാത്ത സിനിമകൾ മേളയിൽ പ്രദർശിപ്പിക്കുന്നതിന് ചിത്രങ്ങളുടെ പട്ടിക കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. ഇതനുസരിച്ച് 347 സിനിമകളുടെ പട്ടിക സെൻസർ ഇളവിനായി ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ സമർപ്പിച്ചപ്പോഴാണ് കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടായത്. ഇതിനെതിരെ ഡോക്ടർ ശശി തരൂർ എംപി ഇന്ന് രംഗത്ത് എത്തിയിരുന്നു. വാർത്ത ഞെട്ടൽ ഉണ്ടാക്കുന്നതാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം ആണിതെന്നും ആയിരുന്നു എംപിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം വന്നതും.

