മൂവാറ്റുപുഴ: നഗരഹൃദയത്തിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന് കാടുകയറി ജീർണാവസ്ഥയിലായി. നഗരസഭ വാർഡ് 24-ൽ എസ്എൻഡിപി ജംക്ഷനിൽ സബ് ജയിലിന് എതിർവശത്ത്, റോഡിനോട് ചേർന്നാണ് ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്നത്.
ഭൂരിപക്ഷം ക്വാർട്ടേഴ്സുകളും വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കാടുമൂടിയതോടെ പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. രാത്രിയിൽ റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് ഇവിടെ നിന്ന് ഇറങ്ങുന്ന ഇഴജന്തുക്കൾ ഭീഷണിയാകുന്നു. ശല്യം രൂക്ഷമായതോടെ ബിഎസ്എൻഎൽ ജീവനക്കാർ പോലും ഇവിടെ താമസിക്കാൻ തയാറാകുന്നില്ല.
ക്വാർട്ടേഴ്സ് നവീകരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ കൗൺസിലർ ജാഫർ സാദിക്ക് വി.എ 2025-ൽ എറണാകുളം ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അധികൃതർ കണ്ണുതുറക്കുന്നില്ലെന്ന് ജാഫർ സാദിക്ക് ആരോപിച്ചു.
അടിയന്തരമായി ക്വാർട്ടേഴ്സിലെ കാടെങ്കിലും വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


