പശ്ചിമേഷ്യയിൽ സമാധാന കരാറാകുമെന്ന റിപ്പോർട്ടുകൾ വരുന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില മൂന്ന് മാസത്തെ കുറഞ്ഞ നിരക്കിലെത്തിയിരിക്കുകയാണ്. കരാർ വരുന്നതോടെ ഹോർമുസിലെ തടസം മാറുന്നതോടെ ക്രൂഡ് ലഭ്യത ഉയരുമെന്നതാണ് എണ്ണവില കുറയാൻ കാരണം. ബ്രെന്റ് ക്രൂഡ് വില ബാരലിന് 87 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. ക്രൂഡിന്റെ എല്ലാ ഇനങ്ങൾക്കും 90 ഡോളറിൽ താഴെയാണ് വില. വെനസ്വേല, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളില് നിന്ന് ക്രൂഡ് ആഗോള വിപണിയിലേക്ക് എത്തുന്നതും ആശ്വാസമാണ്. ലഭ്യതയിൽ സ്ഥിരത ഉറപ്പാക്കാനായാൽ ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളറിലേക്ക് താഴുമെന്ന് വിദഗ്ധർ പറയുന്നു.
സമാധാന കരാർ സാധ്യമായാൽ ക്രൂഡ് വില കുത്തനെ കുറഞ്ഞേക്കും. കുറച്ചുകാലമെടുത്താലും രാജ്യത്തും സർക്കാർ ഇന്ധനവില കുറയ്ക്കാൻ തയ്യാറായേക്കും. രാജ്യാന്തര വില ഉയർന്നിട്ടും ഇന്ധനവില 78 ദിവസം പിടിച്ചുനിർത്താൻ സർക്കാർ ചെലവഴിച്ചത് 1.23 ലക്ഷം കോടി രൂപയാണ്. വില കൂട്ടിയിട്ടും നഷ്ടമാണെന്നാണ് കണക്കുകൾ പറയുന്നത്. അതുകൊണ്ടുതന്നെ ഉടൻ വില കുറച്ച് റിസ്കെടുക്കാൻ സർക്കാർ തയ്യാറായേക്കില്ല. നിലവിലെ നഷ്ടം നികത്തിയ ശേഷം വില കുറയ്ക്കുന്നത് പരിഗണിക്കാനാണ് സാധ്യത. ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം പിൻവലിക്കാൻ കരാറിൽ ധാരണയായാൽ അതും ഇന്ധനവില കുറയാനിടയാക്കും. ആഗോള വിപണിയിൽ മത്സരം കടുക്കുന്നതും വില കുറയാനിടയാക്കും. റഷ്യൻ എണ്ണയ്ക്ക് മേൽ ഉപരോധം ഉള്ളതുകൊണ്ടും ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങൾ മാത്രമാണ് റഷ്യൻ എണ്ണയുടെ ഉപഭോക്താക്കളെന്നതും വലിയ കിഴിവ് നൽകാൻ റഷ്യയെ പ്രേരിപ്പിക്കും. അതും ഇന്ത്യക്ക് അനുകൂല ഘടകമായേക്കും. എണ്ണവില കുറയുന്നതോടെ വ്യാപാരക്കമ്മിയും കുറയും.


