ന്യൂഡല്‍ഹി: എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്കാരം ശശി തരൂര്‍ എം.പിക്ക്. ഇന്ന് വൈകിട്ട് ഡൽഹിയിൽ കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങാണ് പുരസ്കാരം സമര്‍പ്പിക്കുക. അതേസമയം, പുരസ്കാരം സമർപ്പണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു. തരൂരിൻ്റെയോ ഓഫീസിനെയോ അറിയിക്കാതെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ്കാരത്തെക്കുറിച്ച് തരൂർ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് എംപി ഓഫീസ് അറിയിച്ചു.
തരൂർ പുരസ്കാരം സ്വീകരിക്കില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
തരൂർ പുരസ്കാരം സ്വീകരിക്കില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. കോൺഗ്രസിന്റെ രക്തം ശശി തരൂരിന്റെ സിരകളിൽ അവശേഷിക്കുന്നുവെങ്കിൽ അദ്ദേഹം അവാർഡ് നിരസിക്കണം. ആർഎസ്എസുമായി ബന്ധപ്പെട്ട സംഘടനയാണ് എച്ച് ആർ ഡി എസ്. ഒരുപാട് വിവാദങ്ങളും പരാതികളും സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ട്. ശക്തമായി പുരസ്കാരത്തിനെതിരെ തരൂർ പ്രതികരിക്കണം. അവാർഡ് നൽകുന്ന വിവരം തരൂരിനെ അറിയിച്ചിട്ടുണ്ടോ എന്നതിൽ മറുപടി പറയേണ്ടത് അദ്ദേഹമാണ്. അവാർഡ് സ്വീകരിച്ചാൽ കോൺഗ്രസുകാരുടെ മനസ്സിൽ നിന്ന് തരൂർ എന്നന്നേക്കുമായി പുറത്താകും എന്നതിൽ സംശയമില്ല. കോൺഗ്രസ് പ്രവർത്തകരുടെ ഉള്ളിൽ ശശി തരൂരിന് അവശേഷിക്കുന്ന സ്ഥാനം നഷ്ടപ്പെടുത്താനുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും ബോധപൂർവ്വമായ നീക്കമാണിത്. ശശി തരൂർ ഈ കെണിയിൽ വീഴരുത്. അവാർഡ് സ്വീകരിച്ചാൽ എന്ത് നടപടി സ്വീകരിക്കണമെന്ന് എഐസിസി തീരുമാനിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. അതിന് ആക്കം കൂട്ടുന്ന പ്രവർത്തി കോൺഗ്രസിന്റെ രക്തം സിരകളിൽ ഒഴുകുന്ന ആരും ചെയ്യാൻ പാടില്ല. തരൂരിനെ പുടിന്റെ അത്താഴ വിരുന്നിൽ ക്ഷണിച്ചത് എന്തുകൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും. അതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.


