കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ക്ക് രണ്ട് ദിവസം മാറ്റി വയ്ക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ ദര്‍ശിക്കാന്‍ സുരക്ഷ ആവശ്യപ്പെട്ട് നാല് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സ്റ്റേറ്റ് അറ്റോര്‍ണി സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിച്ചത്. യുവതികള്‍ക്കായി മൂന്ന് ദിവസം മാറ്റി വയ്ക്കണമെന്നാണ് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലുള്ള ആവശ്യപ്പെട്ടിരുന്നത്. ഇത് എത്ര മാത്രം പ്രാവര്‍ത്തികമാണെന്ന് കോടതി ചോദിച്ചു. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അവകാശമുള്ളത് പോലെ തന്നെ സുരക്ഷയ്ക്കും അവകാശമുണ്ടെന്നും കോടതി പറഞ്ഞു.ഒരു വിഭാഗത്തിന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടുമ്പോള്‍ ഒരു ജനതയുടെ മൗലികാവകാശത്തെ പറ്റി മറക്കുവാന്‍ പാടില്ല എന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബഞ്ച് പറഞ്ഞു.
യുവതീ പ്രവേശനത്തില്‍ എന്ത് ചെയ്തെന്ന് കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചിരുന്നു. വിധി നടപ്പാക്കാന്‍ എത്ര സമയം വേണം. യുവതീ പ്രവേശനം സാധ്യമാക്കാന്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കി. എന്ത് ചെയ്യാനാണ് ബോര്‍ഡിന്റെ ഉദ്ദേശമെന്നും കോടതി ചോദിച്ചു. ശബരിമലയില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് ഒരാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.


