മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ക്ക് തൃപ്തിയില്ല എന്നതുകൊണ്ട്, മന്ത്രിയെ പുറത്താക്കാന്‍ നിയമപരമായും ധാര്‍മികമായും ബാധ്യത സര്‍ക്കാരിന് ഇല്ല. നടത്തുന്ന പ്രസ്താവനകള്‍ ശരിയാണോ എന്ന് മന്ത്രിമാര്‍ തന്നെ തീരുമാനിക്കണം. ഗവര്‍ണറുടെ നിലപാടിനോട് യോജിക്കാന്‍ ആകില്ല. ഇത്തരം നടപടികളില്‍ നിന്നും ഗവര്‍ണര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിനെ സഹായിക്കുന്നു. ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ ശരിയാണ് എന്ന് ഇന്ന് വ്യക്തമായിരിക്കുന്നു. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കുറേക്കാലമായി കള്ളക്കളിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്തെത്തി. ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ല. ഇത് വ്യാജ ഏറ്റുമുട്ടല്‍. സര്‍ക്കാരും ഗവര്‍ണറും സര്‍വകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാനെന്ന് അദ്ദേഹം ആരോപിച്ചു.
ധനമന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്ന് കാണിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചത്. ഗവര്‍ണര്‍ക്കെതിരായ ബാലഗോപാലിന്റെ പ്രസംഗമാണ് നടപടിക്ക് ആധാരം. എന്നാല്‍ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി.


