പത്തനംതിട്ട അടൂരില്‍ മൂന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇളമണ്ണൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഭിക്ഷ ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് ഓടുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് കുഞ്ഞിനെയും കൊണ്ടോടുന്ന നാടോടി സ്ത്രീയെ ആദ്യം കണ്ടത്.
അപകടം മനസിലാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെയാണ് നാടോടി സ്ത്രീയുടെ പിന്നാലെയോടി കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസിന്റെ പിടിയിലായപ്പോള്‍ ഊമയായി അഭിനയിക്കുകയായിരുന്നു ഇവര്‍.
നാടോടി സ്ത്രീയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ ഇവര്‍ പല വീടുകളിലും ഭിക്ഷ ചോദിച്ച് ചെന്നിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ പണം എടുക്കാനായി വീട്ടിനകത്തേക്ക് പോയപ്പോഴാണ് സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് നാടോടി സ്ത്രീ കടന്നു കളഞ്ഞത്.


