വനിതാ സാഹിതി മൂവാറ്റുപുഴ മേഖല, പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ നോര്‍ത്ത് യൂണിറ്റ്, വിആര്‍എ പബ്ലിക് ലൈബ്രറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നീ സന്നദ്ധ സംഘടനകള്‍ സംയുക്തമായി അന്താരാഷ്ട്ര പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.
വാഴപ്പിള്ളി ജെബി സ്കൂളില്‍ ഒരു പൂന്തോട്ടം നിര്‍മ്മിച്ചു കൊണ്ടാണ് പരിസ്ഥിതി ദിനം കൊണ്ടാടിയത്. വനിതാ സാഹിതി മൂവാറ്റുപുഴ മേഖല പ്രസിഡന്റ് പങ്കജാക്ഷി ടീച്ചര്‍ വാഴപ്പള്ളി ജെ ബി സ്കൂള്‍ ഹെഡ്മിസ്ട്രസ് അല്ലി ടീച്ചര്‍ക്ക് പൂ ചെടിയുടെ തൈ നല്‍കിക്കൊണ്ട് ഉദ്ഘാടനം നടത്തി.
പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ വ്യത്യസ്തങ്ങളായ പരിപാടികളുമായി വനിതാ സാഹിതീയും വി ആര് എ പബ്ലിക് ലൈബ്രറി യും എപ്പോഴും മുന്നില്‍ നില്ക്കുന്ന സംഘടനകളാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും നേതൃത്വത്തില്‍ വാഴപ്പിള്ളി ജെബി സ്കൂളിലെ കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ നടത്താറുള്ളതാണ്.
വാഴപ്പിള്ളി വിആര്‍എ പബ്ലിക് ലൈബ്രറി സെക്രട്ടറി ആര് രാജീവ് സ്വാഗതമാശംസിച്ചു. വനിതാ സാഹിതി ജില്ലാ കമ്മിറ്റി അംഗം സിന്ധു ഉല്ലാസ് പരിസ്ഥിതി ദിന സന്ദേശം നല്കി. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍, ഒരേയൊരു ഭൂമി അതിനെ സംരക്ഷിക്കൂ എന്ന സ്ലോഗന് ഉദ്ധരിച്ചുകൊണ്ട് പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയും നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു.
സ്കൂള്‍ മുറ്റത്ത് ചട്ടികളിലും തറയിലും ആയി വിവിധ തരത്തിലുള്ള ചെടികള്‍ നട്ടു. വനിതാ സാഹിതി സിഎന്‍ കുഞ്ഞുമോള്‍ ടീച്ചറുടെ നേതൃത്വത്തില്‍ പരിസ്ഥിതി ഗാനങ്ങള്‍ ആലപിച്ചു. വാഴപ്പിള്ളി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഐഷ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റര്‍ കവയത്രി സിന്ധു ഉല്ലാസ്ന് നല്‍കിക്കൊണ്ട് പ്രകാശനം നടത്തി.
വനിതാ സാഹിതിയുടെ പ്രവര്‍ത്തകരായ അഡ്വക്കേറ്റ് റീത്താമ്മ മാത്യു, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആയ പ്രേമലത, സുഷമാ ദേവി ടീച്ചര്‍, രാജം ടീച്ചര്‍, പുഷ്പ ഉണ്ണി, അംബിക രാജു, സീമ രാമന്‍കുട്ടി ലൈബ്രറി പ്രവര്‍ത്തകരായ, എം.എം. രാജപ്പന് പിള്ള, പ്രേംകുമാര്‍, കെആര്‍ വിജയകുമാര്‍, രവീന്ദ്രനാഥ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട് ആയ ഉല്ലാസ ചാരുത, സ്കൂള്‍ അധ്യാപകരായ ഷംല ടീച്ചര്‍, അബിത ടീച്ചര്‍, രക്ഷകര്‍ത്താക്കള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് അല്ലി ടീച്ചര്‍ നന്ദി അറിയിച്ചു. രാവിലെ 9 മണിക്ക് തുടങ്ങിയ പൂന്തോട്ട നിര്‍മ്മാണം 12 മണിയോടെ അവസാനിച്ചു.


