കണ്ണൂര്‍: വീട്ടിനുള്ളില്‍ കുളിക്കുകയായിരുന്ന യുവതിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന കേസില്‍ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ നിസാര വകുപ്പുകള്‍ ചുമത്തി ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തതായി ഗുരുതര ആരോപണം. രണ്ട് ദിവസം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്ക് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇതിനെത്തുടര്‍ന്ന് കുടുംബം നല്കിയ പരാതി കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നല്കി. ഈ പരാതി മന്ത്രിയുടെ ഓഫിസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
ഓഗസ്റ്റ് 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതി വീട്ടിലെ ശുചിമുറിയില്‍ കുളിക്കുമ്പോള്‍ നവനീത് മൊബൈല്‍ ഫോണ്‍ വിടവിലൂടെ ഉള്ളിലേക്ക് കടത്തി വിഡിയോ പകര്‍ത്തി. വെളിച്ചക്കുറവ് കാരണം ഫോണിന്റെ ഫ്ലാഷ് തനിയെ തെളിഞ്ഞതോടെയാണ് യുവതിയുടെ ശ്രദ്ധയില്‍പ്പെടുകയും ബഹളം വയ്ക്കുകയും ചെയ്തത്. എന്നാല്‍ ഇതിനിടയില്‍ പ്രതി ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞിരുന്നു.
അതേസമയം, പിടിയിലായ നേതാവിന്റെ ഫോണില്‍ മറ്റ് പല സ്ത്രീകളുടെയും സമാനമായ ദൃശ്യങ്ങള്‍ ഉള്ളതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ സംരക്ഷിക്കുന്ന രീതിയിലാണ് പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായതെന്ന് കുടുംബം ആരോപിക്കുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായാല്‍ മാത്രമേ കേസില്‍ കൃത്യമായ അന്വേഷണം നടക്കൂ എന്ന നിലപാടിലാണ് പരാതിക്കാര്‍.

