മൂവാറ്റുപുഴ:പായിപ്ര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍, സംസ്ഥാന സര്‍ക്കാരിന്റേയും കണ്‍സ്യൂമര്‍ ഫെഡറേഷന്റേയും സഹകരണത്തോടെയുള്ള ഓണ വിപണിക്ക് തുടക്കമായി. ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നെജി ഷാനവാസ് നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റും മൂവാറ്റുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനുമായ അബ്രഹാം തൃക്കളത്തൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
പൊതുവിപണിയില്‍ 1500 രൂപയോളം വില വരുന്ന 13 അവശ്യസാധനങ്ങള്‍ 1000 രൂപയ്ക്കാണ് സഹകരണ ബാങ്ക് വഴി ഒരു കുടുംബത്തിന് ലഭ്യമാക്കുന്നത്. ഉത്സവകാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താനും കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരായ എം.സി വിനയന്, ഏ.സി. സുനില്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എം. എന്‍ അരവിന്ദാക്ഷന്, കെ.കെ. ഉമ്മര്‍, ബാങ്ക് ഡയറക്ടര്‍മാരായ റ്റി.എം മുഹമ്മദ്, പി.സി മത്തായി, ഇ.ബാബു, പി.വി. കരുണാകരന്, പി. എന്‍. രാജന്, ബാങ്ക് സെക്രട്ടറി അഞ്ജലി പി. അശോകന് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. പ്രദേശവാസികളായ നിരവധി ആളുകള്‍ ആദ്യദിനം തന്നെ സാധനങ്ങള്‍ വാങ്ങാന്‍ ഓണച്ചന്തയില്‍ എത്തിയിരുന്നു.

