ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് റീ ടെന്‍ഡര്‍ നടപടിക്ക് കത്ത് നല്‍കിയതായി മാത്യു കുഴല്നാടന് എംഎല്‍എ. സ്റ്റേഡിയം നഷ്ടമാകുമെന്ന പ്രചരണം ശരിയല്ല. ടെന്‍ഡര്‍ നടപടികളില്‍ തുക അധികരിച്ചതാണ് ഇപ്പോഴത്തെ തര്‍ക്കം. മറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും എംഎഎ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദശേ പ്രകാരം സംസ്ഥാന സ്പോര്‍ട്സ് സെക്രട്ടറി സ്ഥല പരിശോധനക്കെത്തിയിരുന്നു. ചെയര്മാന് പി.പി എല്‍ദോസ് മുന്‍ ചെയര്മാന്മാരായ പിഎം ഇസ്മയില്‍ എ. മുഹമ്മദ് ബഷീര്‍ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പിഎം അബ്ദുല്‍ സലാം, പ്രതിപക്ഷ നേതാവ് ആര്. രാകേഷ് അടക്കം മറ്റ് കൗണ്‍സിലര്‍മാരും സന്നിഹിതരായിരുന്നു. ഇവരുമായി നടത്തിയ പൊതു ചര്‍ച്ചയില്‍ മുന്‍ ചെയര്മാന് പിഎം ഇസ്മയില്‍ റീ ടെന്‍ഡര്‍ ചെയ്യാമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉന്നയിച്ചു.
അദ്ദേഹത്തിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് റീ ടെന്‍ഡറിന് കത്ത് നല്‍കിയതെന്നും എംഎല്‍എ പറഞ്ഞു. തുകയില്‍ കുറവ് വന്നാല്‍
മണ്ണ് ഫില്ലിംഗ് ചെയ്ത് തന്നെ നിര്‍മ്മാണം നടത്താമെന്ന പൊതു ധാരണയാണുള്ളത്. ഒപ്പം ഇവിടെ തന്നെ പണിയാനുള്ള മറ്റ് സാങ്കേതിക വശങ്ങള് ആരായുമെന്നും എംഎല്‍എ പറഞ്ഞു.
വര്‍ഷാ വര്‍ഷം വലിയ വെളള പൊക്കവും വെള്ള കെട്ടുമുണ്ടാവുന്ന സ്ഥലത്ത് മണ്ണിട്ട് പൊക്കാതെ കോടികള്‍ പാഴാക്കിയുള്ള സ്റ്റഡിയം നിര്‍മ്മാണത്തെ താന്‍ എതിര്‍ത്തിരുന്നു. 9.7.21 ല്‍ നടന്ന ആദ്യ ടെന്‍ഡര്‍ 14.02.22 നാണ് അംഗീകരിച്ചത്. ഇത് 26.02% അധികരിച്ച തുകയായിരുന്നു. റിവ്യൂ മീറ്റിങ്ങില്‍ കമ്മിറ്റി വലിയ വര്‍ദ്ധനവ് പരിശോധിച്ചു. വെള്ളം കയറുന്നിടമായതിനാല് മണ്ണിട്ടു പൊക്കാനാണ് കൂടുതല്‍ തുക വേണ്ടി വരികയെന്ന് കമ്മിറ്റി കണ്ടെത്തി.
മണ്ണ് ഫില്ലിംഗ് ഒഴിവാക്കി നിലവിലെ സാഹചര്യത്തില്‍ തന്നെ സ്റ്റേഡിയം നിര്‍മ്മാണം എന്ന നിര്‍ദ്ദേശവും വന്നു. വെള്ളം കയറിയാല്‍ ട്രാക്കടക്കം പൂര്‍ണ്ണമായി നശിച്ചു പോകുമെന്ന ടെക്നിക്കല്‍ വശവും ചിലര്‍ ചൂണ്ടികാട്ടി. വെള്ളം കയറുന്നിടത്ത് പണി നടത്തുന്നതിനെയാണ് താന്‍ എതിര്‍ത്തത്. ഇത് രഹസ്യമല്ല, യോഗ മിനിട്സില്‍ രേഖപെടുത്തിയിരുന്നതായും എംഎല്‍എ പറഞ്ഞു.
പൊതു പണം നഷ്ടമാവുന്ന വെള്ളം കയറുന്നിടത്തെ സ്റ്റേഡിയം നിര്‍മ്മാണത്തെ എതിര്‍ത്തതില്‍ തെറ്റുപറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. 1.40 കോടി രൂപ മുടക്കി സ്റ്റേഡിയത്തിന് തൊട്ടരികെ നിര്‍മ്മിച്ച ഫിഷ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയും നമുക്ക് മുന്നിലുണ്ടെന്ന് എംഎല്‍എ ചൂണ്ടികാട്ടി.


