മൂവാറ്റുപുഴ: വെള്ളപ്പൊക്ക ഭീഷണിയുടെ പേരില്‍ മൂവാറ്റുപുഴയാറിനെ ഇല്ലാതാക്കാന്‍ ഗൂഡ നീക്കം. വെള്ളപൊക്ക കെടുതിയുടെ ഭീകരത ചൂണ്ടികാട്ടി ഇതിന്റെ മറവില്‍ മൂവാറ്റുപുഴയാറിനെ കീറിമുറിച്ച് മീനച്ചില്‍ പദ്ധതി നടപ്പിലാക്കാന്‍ നീക്കമെന്ന് മുന്‍ എംഎല്‍എ ബാബു പോള്‍. ഇതിന് മുന്നോടിയായി വെള്ളപൊക്ക ദുരിത പ്രദേശങ്ങളില്‍ വ്യാപക യോഗങ്ങള്‍ തുടങ്ങി. ജലവിഭവ വകുപ്പ് മന്ത്രി തന്നെ നേരിട്ടെത്തിയാണ് ആദ്യ യോഗം മൂവാറ്റുപുഴയില്‍ നടത്തിയത്.
വെള്ളപൊക്ക പഠനം നടത്തിയ ചില സംഘടനകളുടെ കത്തിന്റെയും പരാതിയുടെയും മറപിടിച്ചാണ് യോഗങ്ങള്‍ നടത്തുന്നത്. ഇത്തരം യോഗങ്ങളുടെ അത്യന്തിക ലക്ഷ്യം പാല, കാഞ്ഞിരപളളി പ്രദേശങ്ങള്‍ക്കായി മൂവാറ്റുപുഴയാറിനെ കീറിമുറിച്ച് മീനച്ചില്‍ പദ്ധതി നടപ്പിലാക്കല്‍. ഇതോടെ മൂവാറ്റുപുഴയിലെ ജല സ്രോതസുകള്‍ ഭാഗീകമായി ഇല്ലാതാവും. പാലായിലെ ഉന്നതനായി നടത്തുന്ന നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം- മീനച്ചില്‍ പദ്ധതി മൂവാറ്റുപുഴയാറിനെ ഇല്ലാതാക്കുമെന്ന് സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ ബാബുപോള്‍ പറഞ്ഞു.
വെള്ളപൊക്കത്തിന്റെ പേര് പറഞ്ഞ് മൂവാറ്റുപുഴയുടെ ജല സ്രോതസുകള്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുമ്പോഴും ബാബു പോള്‍ ഒഴികെയുള്ള രാഷ്ട്രീയ നേതാക്കന്മാര് നിശബ്ദതയും പാലിക്കുകയാണ്. മൂവാറ്റുപുഴയാറില്‍ തുടര്‍ച്ചയായ വെള്ളപ്പൊക്ക ഭീഷണിയും ഇതേ തുടര്‍ന്നുള്ള പ്രതിഷേധവും നിലനില്‍ക്കുന്നുവെന്ന് വരുത്തി തീര്‍ത്ത്, അതിന്റെ മറവില്‍ ഈ നദിക്ക് ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന ജലസമൃദ്ധി വഴിമാറ്റി കൊണ്ടു പോകുവാനുള്ള കുതന്ത്രമാണെന്നും, ഇതിന് കഥയറിയാതെ ആട്ടം കാണുന്ന ആരെയെങ്കിലുമൊക്കെ കരുവാക്കുന്നതായും സാമൂഹിക പ്രവര്‍ത്തകനായ പ്രമോദ് കുമാര്‍ മംഗലത്ത് ചൂണ്ടികാട്ടി.
വിഷയത്തില്‍ പൊതു അഭിപ്രായം ഇങ്ങനെ:
പ്രകൃതിസഹജമായ പ്രതിഭാസമാണെന്നും, മലങ്കര ഡാമും ചെക്ക്ഡാമും ഒക്കെ ഉണ്ടാക്കുന്നതിനു മുന്‍പും ഈ പ്രതിഭാസം വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മൂവാറ്റുപുഴയില്‍ സംഭവിച്ചിരുന്നതാണെന്നുമുള്ള തിരിച്ചറിവ് നല്ലതാണ്.
മനുഷ്യനിര്‍മ്മിതമായ കാര്യകാരണങ്ങളാല്‍ സംഭവിക്കുന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുവാനുള്ള ശ്രമമാണെങ്കില്‍ അതിനാവശ്യം, സാങ്കേതികതയുടെ പരമാവധി സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള വിദഗ്ദ്ധമായ മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമാക്കുകയാണ്.
മഴക്കാലത്ത് മലങ്കര ഡാമിലെ ജലവിതാനം ജാഗ്രതയോടെ കൈകാര്യം ചെയ്താല്‍ വലിയൊരുപരിധിവരെ നഗരത്തിലുണ്ടാകാവുന്ന പ്രളയഭീഷണി നിയന്ത്രണ വിധേയമാക്കാമെന്ന് ഇക്കൊല്ലം നാമെല്ലാം കണ്ടതുമാണ്.
ഓരുവെള്ളം കയറാത്തതിനാല്‍ 365 ദിവസവും ശുദ്ധജലം ലഭ്യമായ കേരളത്തിലെ നദിയെന്നതും , നാലോ അഞ്ചോ ജില്ലകളിലേയ്ക്ക് കുടിവെള്ളത്തിനും ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കുമായി ആശ്രയിക്കുന്നതുമായ നദിയെന്നതുമൊക്കെയാണ് മൂവാറ്റുപുഴയാറിന്റെ പ്രസക്തി. ഇത് സാദ്ധ്യമാകുന്നത് തന്നെ ഇടുക്കി പദ്ധതിയുടെ ഉപോത്പന്നമായി നമുക്ക് ലഭിക്കുന്ന ജലസമൃദ്ധികൊണ്ടുമാത്രമാണ്. വേനല്‍ക്കാലത്ത് ലഭ്യമാകുന്ന ഈ ജലസമൃദ്ധതയ്ക്ക് തുരങ്കം വയ്ക്കുന്ന ഒരു പദ്ധതിയെയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുവാന്‍ ഈ നദിയെ ആശ്രയിച്ചു ജീവിക്കേണ്ടിവരുന്ന മാനുഷികതയുള്ളവര്ക്കാര്ക്കും കഴിയുമെന്ന് കരുതുന്നില്ല.
മൂവാറ്റുപുഴയാറില്‍ തുടര്‍ച്ചയായ വെള്ളപ്പൊക്ക ഭീഷണിയും ഇതേ തുടര്‍ന്നുള്ള പ്രതിഷധവും നിലനില്‍ക്കുന്നുവെന്ന് വരുത്തിതീര്‍ത്ത്, അതിന്റെ മറവില്‍ ഈ നദിക്ക് ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന ജലസമൃദ്ധി വഴിമാറ്റി കൊണ്ടുപോകുവാനുള്ള നാലാംകിട കുതന്ത്രമായും, ഇതിന് കഥയറിയാതെ ആട്ടം കാണുന്ന ആരെയെങ്കിലുമൊക്കെ കരുവാക്കുന്നതായും ജനങ്ങളില്‍ ആശങ്കയുണര്‍ത്തിയേക്കാം.
മൂവാറ്റുപുഴയാറിനെ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങള്‍ ഇതുമായിബന്ധപ്പെട്ട് സംശയാസ്പദമായ വിമര്‍ശനങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നുണ്ടെങ്കില്, അത് അവരുടെ അനുഭവങ്ങളെയും പ്രായോഗിക പരിജ്ഞാനത്തെയും അടിസ്ഥാനമാക്കിക്കൂടിയാകുവാനും സാദ്ധ്യതയുണ്ട്.
അസഹിഷ്ണുതയോടെയല്ല ഇത്തരം ആശങ്കകളെ സമീപിക്കേണ്ടത്. മറിച്ച് അവരെക്കൂടി കേള്‍ക്കുവാനുള്ള വിവേകം കാണിക്കുകയാണ് വേണ്ടത്. ഇത്തരക്കാരുടെ അഭിപ്രായങ്ങളാകും കൂടുതല്‍ പ്രസക്തവും.
ഇപ്പോള്‍ മൂലമറ്റം പവ്വര്‍ ഹൗസില്‍ നിന്നും പുറംതള്ളുന്ന ജലം മൂവാറ്റുപുഴയാറില്‍ എത്തപ്പെടുന്നതിനെ യാതൊരുതരത്തിലും ദോഷകരമായി ബാധിക്കാത്ത വിധത്തിലാകും ഏതുപുതിയ പദ്ധതിയും എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
അല്ലാത്ത പക്ഷം ഇടുക്കി ഡാം നിര്‍മ്മിക്കുന്നതിനു മുമ്പുണ്ടായിരുന്ന മൂവാറ്റുപുഴയാറിന്റെ അവസ്ഥയിലേയ്ക്ക് നമ്മുടെ പുഴ എത്തപ്പെടും എന്നതിന് സംശയംവേണ്ട.
വേനല്‍ക്കാലത്ത് വെള്ളം കാണണമെങ്കില്‍ പുഴയുടെ നടുക്ക് പണ്ട് ചെയ്തിരുന്നതു പോലെ കുഴി കുത്തേണ്ടിവരും.
അന്നത്തേക്കാള്‍ കൂടുതല്‍ മലിനജല സമൃദ്ധമായിരിക്കും നമ്മുടെ പുഴ എന്ന ഒറ്റ വ്യത്യാസം മാത്രമേ ഉണ്ടാകൂ.


