ഡൽഹി: AICC ആസ്ഥാനത്തെ വന്ദേമാതരം വിവാദത്തിലെ പരാതികളിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്. വന്ദേമാതരം ആലപിക്കുന്നത് തടയാൻ ശ്രമിച്ചുവെന്നായിരുന്നു സോണിയാ ഗാന്ധിക്കെതിരായ പരാതി. അന്വേഷണം പുരോഗമിക്കുന്നതായി ഡൽഹി പൊലീസ് അറിയിച്ചു. സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ നീക്കം.
വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കാണിച്ച് ഡൽഹിയിലും കർണാടകയിലും പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും കേസെടുത്തിട്ടില്ല. ആലാപനം മനഃപൂർവം സോണിയ ഗാന്ധി തടസ്സപ്പെടുത്തി എന്നാണ് ബിജെപി വാദം. എന്നാൽ വന്ദേമാതര ബിൽ ചർച്ചയിൽ ജയ്റാം രമേശ് രാജ്യസഭയിൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് കോൺഗ്രസ് പ്രതിരോധിക്കുന്നത്. അതേസമയം തൃണമൂൽ കോൺഗ്രസും ഡിഎംകെയും സോണിയ ഗാന്ധിയെ പിന്തുണച്ച് രംഗത്ത് വന്നു.
മതമൗലികവാദികൾക്ക് മുന്നിൽ കീഴടങ്ങുന്നത് കോൺഗ്രസിന്റെ സ്ഥിരം നയമായി മാറിയെന്നും പ്രീണന രാഷ്ട്രീയത്തിനായി കോൺഗ്രസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നുവെന്നും ആരോപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഇന്നലെ രംഗത്തെത്തിയതോടെയാണ് വന്ദേമാതരം ആലാപന വിവാദം പുതിയ തലങ്ങളിലേക്ക് കടന്നത്.

